സമ്മർദ്ദം ഫലം കാണുന്നു; കോവിഷീൽഡിന് ‘ഗ്രീൻ പാസ് ; അംഗീകാരം നൽകി എട്ടു യൂറോപ്യൻ രാജ്യങ്ങൾ

  • 01/07/2021


ഇന്ത്യയുടെ സമ്മർദ്ദം ഫലം കണ്ടു. എട്ടു യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിൻ അംഗീകരിച്ചു. ജർമ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയിൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം നൽകിയത്.

അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കോവിഷീൽഡിനെ കൂടി ഉൾപ്പെടുത്തിയതോടെ, ഈ വാക്‌സിൻ സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലെ യാത്രക്കുള്ള തടസ്സം നീങ്ങും. ജൂലൈ ഒന്നു മുതൽ അംഗീകൃത വാക്‌സിന്റെ രണ്ടു ഡോസ് ലഭിച്ചവർക്ക് മാത്രമാണ് യൂറോപ്പിൽ സഞ്ചരിക്കാനുള്ള ഗ്രീൻ പാസ് അനുവദിക്കുകയുള്ളൂ. അല്ലാത്തവർ നിർബന്ധിത ക്വാറന്റീനിൽ പോകണമെന്നാണ് നിർദേശം.
 
ജൂലൈ ഒന്നു മുതൽ യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് 19 സർട്ടിഫിക്കറ്റ് അഥവാ ഗ്രീൻ പാസ് നിലവിൽ വരാനിരിക്കേ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യൻ നിർമിത വാക്‌സിനുകൾ അംഗീകരിക്കാത്ത പക്ഷം, രാജ്യത്തേക്ക് വരുന്ന യുറോപ്യൻ യാത്രക്കാരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കുമെന്നാണ് ഇന്ത്യ അറിയിച്ചത്.
 
കോവിഷീൽഡ്, കോവാക്‌സീൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യാത്രകൾക്കായി അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ നടപ്പാക്കാനുമാണ് കേന്ദ്രം തീരുമാനിച്ചത്. കോവിഡീൽഡിനെ വാക്‌സിനേഷൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യൂറോപ്യൻ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

Related News