ഡെൽറ്റ വൈറസിന് രൂപം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു; അപകട സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

  • 03/07/2021

ജനീവ: കൊറോണ വൈറസിന്റെ അതി വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അപകടകരമായ കാലഘട്ടത്തിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ആധനം ഘെബ്രേയെസൂസ് പറഞ്ഞു.

വാക്‌സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാവാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. അതിവേഗമാണ് ഡെൽറ്റ കോറോണയുടെ മുഖ്യ വകഭേദമായി മാറിയത്. അതു വീണ്ടും മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ അപകടകരമായ കാലത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്- ഘബ്രേയെസൂസ് പറഞ്ഞു.

ഒരു രാജ്യവും ഈ ഭീഷണിയിൽനിന്നു മുക്തമാണെന്നു പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. അതു തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് അതിന്റെ വ്യാപനം കൂടുതൽ.

നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തൽ, ഐസൊലേഷൻ, ചികിത്സിക്കൽ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാർഗം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ എന്നിവയൊക്കെ പ്രധാനമാണെന്ന് ഡ്ബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

Related News