28 യാത്രക്കാരുമായി റഷ്യൻ യാത്രാ വിമാനം തകർന്നുവീണു

  • 06/07/2021


മോസ്‌കോ: 28 യാത്രക്കാരുമായി റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും പുറപ്പെട്ട വിമാനമാണ് റഷ്യയുടെ കിഴക്കേ അറ്റത്ത് തകർന്നുവീണതെന്ന് റഷ്യൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ എല്ലാവരും മരിച്ചെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

അന്റൊനോവ് എഎൻ-26 എന്ന ഇരട്ട എൻജിൻ വിമാനമാണ് തകർന്നുവീണത്. പ്രാദേശിക തലസ്ഥാനമായ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് കുറച്ച് സമയത്തിനകം വിമാനവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു.

വിമാനം തകർന്നുവീണ പ്രദേശം കണ്ടെത്തിയെന്ന് റഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. പലാന മേയർ ഓൾഗ മോഖിറെവയും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനം കാണാതായ സമയം കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

Related News