വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

  • 19/07/2021

കോപ്പൻഹേഗൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയനായ ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

2005 ൽ ആണ് ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ കർട്ട് വെസ്റ്റെർഗാർഡിന്റെ വിവാദ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതോടെ വിവിധ മുസ്ലിം സംഘടനകളിൽനിന്ന് ലോകവ്യാപകമായി കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറി.

ഡെൻമാർക്കിനെതിരേ ലോകവ്യാപക രാഷ്ട്രീയ നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും ഇത് ഇടയാക്കി. നിരവധി ഇടങ്ങളിൽ ഡാനിഷ് എംബസികൾ ആക്രമിക്കപ്പെട്ടു. പ്രതിഷേധങ്ങളോടനുബന്ധിച്ച് നടന്ന കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ലഷ്കറെ തൊയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളും ആക്രമണം അഴിച്ചുവിട്ടു.

കർട്ട് വെസ്റ്റെർഗാർഡിനു നേരെ നിരവധി വധ ഭീഷണികളും വധ ശ്രമങ്ങളും അരങ്ങേറി. കനത്ത സുരക്ഷയിൽ ആർഹസ് നഗരത്തിലായിരുന്നു ഏറെക്കാലം അദ്ദേഹം കഴിഞ്ഞിരുന്നത്. കൊലപാതക ശ്രമങ്ങൾ ആവർത്തിക്കപ്പെട്ടതോടെ അദ്ദേഹം പോലീസ് സുരക്ഷയിൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

Related News