ബ്രിട്ടണില്‍ ഒരു വര്‍ഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

  • 19/07/2021


ലണ്ടന്‍: കൊറോണ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനിടെ ബ്രിട്ടണില്‍ ഒരു വര്‍ഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ ഈ തീരുമാനം.

കൊറോണ പ്രതിസന്ധിയില്‍ സാമ്പത്തിക മേഖല തകര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഇതോടെ രാജ്യത്ത് അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുറന്ന് പ്രവര്‍ത്തിക്കും.

അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വാക്സിനേഷനാണ് രാജ്യത്തെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം ബ്രിട്ടന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷവിമര്‍ശനമുയരുകയാണ്. ബ്രിട്ടന്റെ ഈ തീരുമാനം ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.

Related News