ഒറിഗണിലെ കാട്ടുതീ വീണ്ടും ശക്തി പ്രാപിച്ചു: കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ

  • 19/07/2021

ലോസ് ആഞ്ജലിസ്: കടുത്ത ചൂടും വരണ്ട കാലാവസ്ഥയും പടിഞ്ഞാറൻ യു.എസിനെയും കാനഡയെയും കീഴടക്കിയതോടെ ഒറിഗണിലെ കാട്ടുതീ വീണ്ടും ശക്തി പ്രാപിച്ചു. ഇതോടെ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു. രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഉഷ്ണതരംഗത്തെ തുടർന്ന് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ പടർന്നുപിടിച്ച എൺപതോളം കാട്ടുതീകളിൽ അതിതീവ്രമായ ബൂട്ലെഗ് ഫയറാണ് വീണ്ടും ശക്തിപ്രാപിച്ചിരിക്കുന്നത്. വടക്കൻ കാലിഫോർണിയൻ അതിർത്തിയിയിൽ നിന്നു തുടങ്ങിയ തീ 1210 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞു. ലോസ് ആഞ്ജലിസിന്റെ വിസ്തൃതിയോളം വരുമിത്.

ശക്തമായ കാറ്റും മിന്നലും തീ അണയ്ക്കുന്നതിന് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. പ്രദേശമാകെ പുകപടലം മൂടിയതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മാത്രം തീ നിയന്ത്രണ വിധേയമാക്കാൻ ഇരുപതിനായിരത്തോളം പേർ ശ്രമിക്കുന്നുണ്ട്.

യുഎസിൽ നിലവിൽ സജീവമായ 80 വലിയ തീപ്പിടിത്തങ്ങളിൽ ഏറ്റവും വലുതാണ് ബൂട്ട്ലെഗ്. 2.74ലക്ഷം ഏക്കറിൽ നിന്ന് 2.90 ലക്ഷം ഏക്കറിലേക്ക് ഒറ്റരാത്രികൊണ്ടാണ് തീ പടർന്നത് . ഡെട്രോയിറ്റ് മഹാനഗരത്തിന്റെ മൂന്നിരട്ടി വലിപ്പം വരുമിത്

Related News