മങ്കി ബി വൈറസ്: കൊറോണ വൈറസിന് പിന്നാലെ ലോകത്ത് പുതിയൊരു വൈറസ് ബാധ കൂടി

  • 19/07/2021



ബൈജിങ്: കൊറോണ മഹാമരിയ്ക്ക്‌ പിന്നാലെ ലോകത്ത് പുതിയൊരു വൈറസ് ബാധ ചൈനയിൽ കണ്ടെത്തി. മങ്കി ബി വൈറസ് എന്ന വൈറസ് ആണ് സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തതായാണ് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് പുറത്തുവിടുന്ന വിവരം. വെറ്റിനറി സർജനാണ് രോഗം സ്ഥിരീകരിച്ചത്.

നിരവധി ആശുപത്രികളിലെ ചികിത്സക്ക് ശേഷം മെയ് മാസത്തിലാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. രോഗിയുടെ സെറിബ്രോസ്പൈനൽ ദ്രാവക പരിശോധനയിലാണ് ആൽഫഹെർപസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനക്കായി ബ്ലിസ്റ്റർ ഫ്ളൂയിഡ്, രക്തം, മൂക്കിലെ സ്രവം, തൊണ്ടയിലെ ശ്രവം, പ്ലാസ്മ, തുടങ്ങിയവയും രോഗിയിൽ നിന്ന് ശേഖരിച്ചിരുന്നു.

ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നടന്ന ശ്രവ പരിശോധയിലാണ് മങ്കി വൈറസാണെന്ന് സ്ഥിരീകരിച്ചത്. മങ്കി ബി വൈറസ് സ്ഥിരീകരിച്ച് രണ്ട് മൃഗങ്ങൾ ചത്തതിന് പിന്നാലെയാണ് മനുഷ്യരിലും രോഗം കണ്ടെത്തിയത്. ഈ വർഷം മാർച്ചിലാണ് മങ്കി ബി വൈറസ് റിപ്പോർട്ട് ചെയ്തതെന്നാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിടുന്ന വിവരം

എന്താണ് മങ്കി ബി വൈറസ് ?

മനുഷ്യരിൽ അപൂർവമായി പടർന്നു പിടിക്കുന്ന വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1933ലാണ്. ചൈനയിലെ ഒരു ലബോറട്ടറി ജീവനക്കാരന് കുരങ്ങിൽ നിന്ന് കടിയേറ്റാണ് വൈറസ് ബാധ ഉണ്ടായത്. നേരിട്ട് നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് മങ്കി ബി വൈറസ് .നേരിട്ടുള്ള സമ്പർക്കം വഴിയോ ശരീരസ്രവം വഴിയോ വൈറസ് പകരാം. പനി, സന്ധി വേദന, തളർച്ച, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ശ്വാസ തടസ്സം, ഛർദ്ദി, വയറുവേദന എന്നിവയും അനുഭവപ്പെടാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്നുമുതൽ മൂന്നാഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. 70 മുതൽ 80 ശതമാനം വരെയാണ് മരണ നിരക്കെന്നും പഠനങ്ങൾ പറയുന്നു.

Related News