ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വേരിയന്‍റ് അതിഭീകരമായ തോതില്‍ വ്യാപിക്കുന്നതായി വിദഗ്ധൻ

  • 24/07/2021

വാഷിങ്ടൺ: ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വേരിയന്‍റ് അതിഭീകരമായ തോതില്‍ വ്യാപിക്കുന്നതായി വിദഗ്ധൻ. പുതിയ കൊറോണ കേസുകളുടെ കാരണം ഇപ്പോഴും ഡെല്‍റ്റ വേരിയന്റ് തന്നെയാണെന്നും യഥാര്‍ത്ഥ വൈറസ് വേരിയന്റിനേക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ഡെല്‍റ്റ പെരുകുമെന്നും വിദ​ഗ്ധർ പറയുന്നു.

ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളത്തിൽ അതിവേഗം വളരുകയും പെരുകുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ. മരിയ വാൻ കെർകോവ് പറഞ്ഞു. 

നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നതെന്നും ഇവയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് മനസ്സിലാക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡോ. മരിയ വാന്‍ പറഞ്ഞു.

നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നത്. അതിന്റെ ഇൻകുബേഷൻ കാലയളവ് നോക്കുന്നതിന് ഞങ്ങൾ നിരവധി സാങ്കേതിക നെറ്റ്‌വർക്കുകൾ ഉപയോ​ഗിക്കുന്നു. ഒരു വ്യക്തിയ്ക്ക് എപ്പോഴാണ് വൈറസ് ബാധിക്കുന്നത്, അത് എങ്ങനെ പകരുന്നു, അത് അടച്ച മുറിയിലാണോ ഇങ്ങനെയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും മരിയ വാന്‍ പറഞ്ഞു. 

ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ട്. ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യൻ SARS-Cov2 ജീനോമിക്സ് കൺസോർഷ്യം ഓണ്‍ ജീനോമിക്‌സ് (INSACOG) രാജ്യത്തുടനീളമുള്ള സമീപകാല സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

കൊറോണവൈറസിന്റെ B.1.617.2 എന്ന ഡെല്‍റ്റ വകഭേദം വൈകാതെ ലോകത്തെ തന്നെ പ്രബല കൊറോണ വകഭേദമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ കൊറോണ വൈറസിനേക്കാൾ 40 മുതല്‍ 60 ശതമാനം വരെ വ്യാപനനിരക്ക് കൂടുതലാണ് ഡെല്‍റ്റ വകഭേദത്തിനെന്ന് INSACOG കണ്ടെത്തിയിരുന്നു. 

Related News