പ്രായമായവരിൽ കോവിഡ് 19നെതിരേ ആന്റിബോഡികൾ കുറവാണെന്ന് പഠനം

  • 24/07/2021


പ്രായമായവരിൽ കോവിഡ് 19നെതിരേ ആന്റിബോഡികൾ കുറവാണെന്ന് ഒറിഗൺ ഹെൽത്ത് ആന്റ് സയൻസ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. പ്രതിരോധ കുത്തിവയ്പ് എടുത്തവരിലും സ്ഥിതി വ്യത്യസ്തമല്ല. അതിനാൽ പ്രായമുള്ളവരിൽ കോവിഡിന്റെ വിവിധ വകഭേദങ്ങൾ വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളതായി ഇവർ പറയുന്നു.

'പ്രതിരോധ കുത്തിവെപ്പ് എടുത്തവരാണെങ്കിലും പ്രായമുള്ളവരിൽ കോവിഡ് വകഭേദങ്ങൾ കടുത്ത വെല്ലുവിളി ഉയർത്താനുള്ള സാധ്യതകൾ കൂടുതലാണ്'' ഒ.എച്ച്.എസ്.യുവിന്റെ സ്കൂൾ ഓഫ് മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഫികാഡു ടഫെസ്സ് പറഞ്ഞു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞ 50 പേരിലാണ് പഠനം നടന്നത്. ഇവരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച ശേഷമാണ് പഠനം നടത്തിയത്.

പ്രായമായവരെ അപേക്ഷിച്ച് പ്രായം കുറഞ്ഞവരുടെ ഗ്രൂപ്പിന് ഏഴുമടങ്ങ് ആന്റിബോഡി പ്രതികരണമുണ്ടെന്നാണ് പഠന റിപ്പാർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പഠനത്തിലൂടെ പ്രായം കുറഞ്ഞവർക്ക് കൂടുതൽ രോഗപ്രതിരോധ ശേഷിയിണ്ടെന്ന് സംഘം വിലയിരുത്തി. എന്നിരുന്നാലും, കോവിഡ് 19 വാക്സിനുകൾ എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ പര്യാപ്തമാണെന്ന് ടഫെസ്സും സംഘവും പറഞ്ഞു.

കോവിഡിനെതിരേ എല്ലാവരും വാക്സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതാണ് ഈ ഗവേഷണമെന്ന് ടഫെസ് അഭിപ്രായപ്പെട്ടു. 'പ്രായമായ ആളുകൾ വാക്സിൻ എടുത്തതുകൊണ്ട് മാത്രം പൂർണ്ണമായും സുരക്ഷിതരല്ല. അവർക്ക് ചുറ്റുമുള്ള ആളുകളും വാക്സിൻ എടുക്കേണ്ടതായുണ്ട്,' അദ്ദേഹം പറഞ്ഞു

Related News