ചിക്കന്‍പോക്‌സ് പോലെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്ന് മുന്നറിയിപ്പ്

  • 30/07/2021

വാഷിംഗ്ടൺ: ചിക്കന്‍പോക്‌സ് പോലെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്ന് മുന്നറിയിപ്പ്. ഡെല്‍റ്റ വേരിയന്റ് മറ്റു കൊറോണ വകഭേദങ്ങളേക്കാള്‍ കഠിനമായ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണക്കെതിരേ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരും ഡെല്‍റ്റ വേരിയന്റ് പരത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ച പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരും വാക്‌സിനെടുക്കാത്തവരെ പോലെതന്നെ വൈറസിനെ മൂക്കിലും തൊണ്ടയിലും വഹിക്കുകയും മറ്റുള്ളവരിലേക്ക് പടര്‍ത്തുകയും ചെയ്യും.

വാക്‌സിന്‍ എടുത്തവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും അവര്‍ വൈറസ് വാഹകരായി മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തും. ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കികൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ആല്‍ഫ വകഭേദം ബാധിച്ചവരില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസിന്റെ അളവിനേക്കാള്‍ പത്ത് മടങ്ങ് അധികമായിരിക്കും ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്നുണ്ടാകുന്ന വൈറസ് വ്യാപനം.

യഥാര്‍ത്ഥ വൈറസ് ബാധിച്ചവരില്‍ രൂപപ്പെടുന്ന വൈറസിന്റെ തോതിനേക്കാള്‍ ആയിരം മടങ്ങ് അധികമാണ് ഡെല്‍റ്റ ബാധിച്ചവരില്‍ കാണാനാകുക. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ അസാമാന്യ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Related News