അമേരിക്കയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷം

  • 10/08/2021


ഓസ്റ്റിന്‍: അമേരിക്കയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാവുകയാണ്. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പല നഗരങ്ങളിലും ആശുപത്രികളില്‍ ഐസിയു കിടക്കകളുടെയുംമറ്റും രൂക്ഷ ക്ഷാമം അനുഭവപ്പെടുന്നതായിയാണ് റിപ്പോര്‍ട്ട്.

24 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന ഓസ്റ്റിനില്‍ സ്ഥിതി വളരെ രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടെക്സാസിന്റെ തലസ്ഥാന നഗരമായ ഇവിടെ ആശുപത്രികളില്‍ വിരലിലെണ്ണാവുന്ന ഐസിയു കിടക്കകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്.

മഹാമാരിയെ തുടര്‍ന്ന് അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്ന് അധികൃതര്‍ പറയുന്നു. ആറ് ഐസിയു കിടക്കകളും 313 വെന്റിലേറ്ററുകളുമാണ് നഗരത്തിലെ ഒരു ആശുപത്രിയില്‍ അവശേഷിച്ചിരിക്കുന്നത്.

സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കില്‍ മഹാദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഇവര്‍ പറയുന്നു. ഓസ്റ്റിന്‍ നിവാസികള്‍ക്കെല്ലാം ഇതുസംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേഷവും നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

എത്രയും വേഗം വാക്സിന്‍ സ്വീകരിക്കാനും മാസ്‌ക് അടക്കമുള്ള കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാനും ജനങ്ങളോട് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ പടരാന്‍ തുടങ്ങിയതിന് പിന്നാലെ രാജ്യത്ത് പല നിയന്ത്രണങ്ങളും മടക്കിക്കൊണ്ടുവന്നിരുന്നു.

അതേസമയം, അമേരിക്കയില്‍ വാക്സിന്‍ വിരുദ്ധ വികാരം ശക്തമാകുന്നത് രോഗനിയന്ത്രണത്തിന് തിരിച്ചടിയാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പണം പാരിതോഷികമായി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

Related News