അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് കൊട്ടാരത്തില്‍ കൊടിനാട്ടി താലിബാന്‍; രാജ്യത്ത് രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് നാടുവിട്ടതെന്ന് പ്രസിഡന്റ്; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കി കേന്ദ്രം

  • 16/08/2021


കാബൂള്‍: അഫ്ഗാനിസ്താന്‍ ഇനി താലിബാന്‍ ഭരിക്കും. അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നറിയപ്പെടുമെന്നും താലിബാന്‍ അവകാശപ്പെട്ടു. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്റെ ദേശീയ പതാക മാറ്റി താലിബാന്റെ കൊടിയുയര്‍ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

താലിബാന്റെ ഔദ്യോഗികപ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഉടനുണ്ടാകും. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് താലിബാന്‍ നേതാക്കള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.ചുറ്റിലും ആയുധധാരികളായ താലിബാന്‍ തീവ്രവാദികള്‍ അണിനിരന്നു കൊണ്ട് താലിബാന്‍ നോതാക്കള്‍ സംസാരിക്കുന്ന വീഡിയോ അല്‍ജസറീയാണ് പുറത്തുവിട്ടത്. കാബൂള്‍ കൈയടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിട്ടു. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ താന്‍ നാടുവിട്ടെന്നാണ് അശ്‌റഫ് ഗനിയുടെ വാക്കുകള്‍. കാബൂളില്‍ തങ്ങിയിരുന്നുവെങ്കില്‍ ''എണ്ണമറ്റ രാജ്യസ്‌നേഹികള്‍ കുരുതി ചെയ്യപ്പെടും. കാബൂള്‍ നഗരം തകര്‍ക്കപ്പെടുകയും ചെയ്യും'' പ്രസ്താവന പറയുന്നു. ''താലിബാന്‍ വിജയിച്ചിരിക്കുന്നു. ഇനി രാജ്യത്തെ ജനങ്ങളുടെ സ്വത്തും അഭിമാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കാണ്. അവര്‍ ചരിത്രത്തിലെ നിര്‍ണായക പരീക്ഷണ ഘട്ടത്തിനു മുന്നിലാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സജീവം, രണ്ട് വിമാനങ്ങള്‍ സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Related News