കാബൂളിലെ വ്യോമപാതകൾ അടച്ചു; അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിൽ

  • 16/08/2021


കാബൂൾ: കാബൂളിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. താലിബാൻ അഫ്ഗാന്റെ അധികാരം കൈയടക്കിയ സാഹചര്യത്തിലാണ് കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെയും പ്രതിനിധികളെയും രക്ഷപ്പെടുത്താൻ എയർ ഇന്ത്യ വിമാനം ചാർട്ട് ചെയ്തത്. എന്നാൽ പറയുന്നുയരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യ വിമാനം ഡെൽഹിയിൽ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കാനായിരുന്നു പദ്ധതി. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനം അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കിയതായിരുന്നു. തുടർന്നാണ് ഉച്ചക്ക് 12.30ന് വിമാനം ചാർട്ട് ചെയ്തത്. എന്നാൽ വ്യോമപാത അടച്ചതിനെത്തുടർന്ന് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഈ അവസ്ഥയിൽ ഇതേ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതും അതിനാൽ തന്നെ നടക്കില്ല. ഇതാണ് എയർ ഇന്ത്യയുടെ യാത്രയെ അനിശ്ചിതത്വത്തിലാക്കി.

അടിയന്തര യാത്രക്കായി വിമാനങ്ങൾ പറത്താൻ തയ്യാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. രണ്ട് വിമാനങ്ങൾക്കാണ് തയ്യാറായിരിക്കാൻ ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്.

ഇതിൽ 129 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരോട് എത്രയുംപെട്ടെന്ന് അഫ്ഗാൻ വിടാൻ ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകിയിരുന്നു.

അടിയന്തര സാഹചര്യത്തിൽ ആവശ്യമായി വന്നാൽ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യൻ പൗരൻമാരുടെയും പ്രതിനിധികളുടെയും ജീവൻ അപകടത്തിലാക്കാൻ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യൻ വിമാനങ്ങൾ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

'അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാതെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Related News