കാബൂള്‍ വിമാനത്താവളം തുറന്നു; കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

  • 17/08/2021



ന്യൂ ഡെൽഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനില്‍ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാന്‍ വ്യോമമേഖല അടച്ചതിനാലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാന്‍ വ്യോമമേഖല അടച്ചത്.

ആദ്യഘട്ടത്തില്‍ 120 പേരെ ഇന്ത്യയിലേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വ്യോമസേനയുടെ വിമാനത്തിലാവും ഇവരെ കൊണ്ടുവരിക. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കുടുങ്ങിയ ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അതിനിടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാബൂള്‍ വിമാനത്താവളം തുറന്നുവെന്ന് യുഎസ് ജനറല്‍ ഹാങ്ക് ടെയ്‌ലര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന് സുരക്ഷ ഉറപ്പാക്കാന്‍ യുഎസ്സിന്റെ സേനാവിമാനങ്ങള്‍ കാബൂളില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം 3500 സൈനികരടങ്ങുന്ന ട്രൂപ്പിനെ അമേരിക്ക വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്.

Related News