വ്യക്തികളുടേയും സമൂഹങ്ങളുടേയും സൗഹാർദമാണ് ദൈവം ആഗ്രഹിക്കുന്നത്; എല്ലാവരേയും ചേർത്തുപിടിക്കണം; ഫ്രാൻസിസ് മാർപാപ്പ

  • 13/09/2021


ബുഡാപെസ്റ്റ്: എല്ലാവരേയും ചേർത്തുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഹംഗറി സന്ദർശനത്തിനിടെയാണ് സാഹോദര്യത്തിന്റേയും കരുതലിന്റേയും കൂട്ടായ്മയുടേയും സന്ദേശം അദ്ദേഹം പങ്കുവെച്ചത്.

വ്യക്തികളുടേയും സമൂഹങ്ങളുടേയും സൗഹാർദമാണ് ദൈവം ആഗ്രഹിക്കുന്നത്. സാമൂഹ്യനേതാക്കൾ സമാധാനവും ഐക്യവും പുലർത്താനായാണ് ശ്രമിക്കേണ്ടത്. ന്യൂനപക്ഷങ്ങൾക്ക് നേരെ ഐക്യദാർഢ്യവും സഹിഷ്ണുതയും പ്രകടിപ്പിക്കണം. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകർ ആവണമെന്നും മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

തീവ്ര ദേശീയവാദിയും യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന പ്രധാനമന്ത്രി വിക്ടർ ഓർബനടക്കമുള്ളവരുടെ മുന്നിൽ വെച്ചാണ് മാർപാപ്പ തന്റെ പ്രസംഗം മടത്തിയത്. കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരിൽ ഏറെ വിമർശനങ്ങൾക്ക് പാത്രമായ ആളാണ് പ്രധാനമന്ത്രി ഓർബൻ. അതുകൊണ്ടുതന്നെ മാർപാപ്പയുടെ പ്രസംഗം ഓർബനെതിരേയുള്ള പരോക്ഷവിമർശനമായും ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്.

മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറിൽ പതിനായിരക്കണക്കിനാളുകളാണ് എത്തിയത്. സമീപത്തെ കെട്ടിടങ്ങളിലും ബാൽക്കണികളിലും ആളുകൾ നിരന്നുനിന്ന് പ്രസംഗത്തിന് ചെവിയോർത്തു.

സ്ലോവാക്യയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ഞായറാഴ്ച ഏഴ് മണിക്കൂർ നേരമാണ് മാർപാപ്പ ഹംഗറിയിൽ ചെലവഴിച്ചത്. ഹംഗറിയിലെ ഒരു ലക്ഷത്തോളം വരുന്ന ജൂതസമൂഹം മധ്യയൂറോപ്പിലെ വലിയ സമൂഹമാണ്. 1996ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഹംഗറി സന്ദർശിച്ചിരുന്നു. മാർപാപ്പയെ കാണാൻ ഹീറോസ് സ്ക്വയറിൽ 75,000 ആളുകൾ എത്തുമെന്നായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്.

84 വയസുകാരനായ മാർപാപ്പയുടെ 34മത് വിദേശ യാത്രയാണിത്. വൻകുടലിലെ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിദേശ യാത്രകൾ ആരംഭിച്ചിരിക്കുന്നത്.

Related News