ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ

  • 20/09/2021


 
ഹവാന: ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ. ലോകത്താദ്യമായി 2 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകിക്കൊണ്ടാണ് ക്യൂബ ചരിത്രം രചിക്കുന്നത്. ക‍ഴിഞ്ഞ ദിവസം ക്യൂബൻ വാക്സിനെ വിയറ്റ്നാമും അംഗീകരിച്ചിരുന്നു. തങ്ങളുടെ വാക്സിന് ലോകാരോഗ്യസംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ക്യൂബ.

ഇത്തവണ ലോകത്താദ്യമായി രണ്ടു മുതൽ പത്ത് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിക്കൊണ്ടാണ് ക്യൂബ വീണ്ടും ചരിത്രം രചിക്കുന്നത്. 11 മുതൽ 18 വയസു വരെ ഉള്ളവർക്ക് വാക്സിൻ വിതരണം അവർ നേരത്തെ ആരംഭിച്ചിരുന്നു.
വൻകിട രാഷ്ട്രങ്ങൾ പലരും ഇപ്പോഴും ‘കുട്ടി വാക്സിനെ’ക്കുറിച്ച് ഗവേഷണത്തിലിരിക്കുമ്പോഴാണ് ക്യൂബയുടെ ഈ വൻ മുന്നേറ്റം. മിക്ക രാഷ്ട്രങ്ങളും ഇപ്പോഴും മുതിർന്നവരുടെ വാക്സിൻ ലക്ഷ്യം പോലും പൂർത്തിയാക്കിയിട്ടില്ല. ക്യൂബ തന്നെ വികസിപ്പിച്ച അബ്ഡല, സോബറാന എന്നീ വാക്സിനുകളാണ് കുട്ടികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മഹാമാരി പടർന്നുപിടിക്കുന്ന കാലത്ത് സ്വന്തം ഡോക്ടർമാരെ അയച്ച് ക്യൂബ വിപ്ലവം സൃഷ്ടിച്ചിരുന്നു. മികച്ച ആരോഗ്യസംവിധാനങ്ങളുടെ കരുത്തോടെ തങ്ങളുടെ ജന്മലക്ഷ്യങ്ങളെ വിളക്കിയുറപ്പിക്കുകയാണ് ക്യൂബ.

ക‍ഴിഞ്ഞ ദിവസം അബ്ഡല വാക്സിനെ വിയറ്റ്നാം അംഗീകരിച്ചിരുന്നു. വിയറ്റ്നാമീസ് പ്രസിഡൻറ് നഗുയൻ ഷുവാൻ ഫുക് ഹവാന സന്ദർശിച്ച് മടങ്ങിയതിന് ശേഷമായിരുന്നു പ്രഖ്യാപനം. അബ്ഡലക്ക് 92.28 ശതമാനം ഫലപ്രാപ്തിയാണ് ക്യൂബ അവകാശപ്പെടുന്നത്. കമ്യൂണിസ്റ്റ് വിപ്ലവരാഷ്ട്രീയത്തെ ആവേശിച്ച രണ്ട് രാജ്യങ്ങൾ ഒരേ വാക്സിൻറെ കരുത്തിലൂടെ സ്വന്തം ജനതയെ മുന്നോട്ട് നടത്തും. അബ്ഡലയുടെ ഫേസ് ത്രീ ട്രയലും വിജയകരമായി മു‍ഴുമിച്ച ക്യൂബ ലോകാരോഗ്യസംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ആറ് പതിറ്റാണ്ട് നീണ്ട അമേരിക്കൻ ഉപരോധത്തിലും കുലുങ്ങാത്ത ക്യൂബ ഈ മഹാമാരിക്കാലത്ത് വികസിപ്പിച്ചത് അഞ്ച് വാക്സിനുകൾ. അബ്ഡല, സോബറാന 1, സോബറാന 2, സോബറാന പ്ലസ്, മംബീസ. മികച്ച ഫലം നൽകുന്ന വാക്സിനുകൾ വാങ്ങാൻ നേരത്തെ മെക്സിക്കോയും അർജന്റീനയും മുന്നോട്ടുവന്നിരുന്നു.

കെട്ടകാലത്തും വാക്സിന് വിലയിട്ട് പിടിച്ചുപറിക്കുന്ന മുതലാളിത്തത്തിന് മുന്നിൽ ഒരു ബഹുരാഷ്ട്ര മരുന്നുനിർമാണക്കമ്പനികളുമായും കരാറൊപ്പിടാതെ അത്ഭുതമാകുന്നു ക്യൂബ. തീവിതയ്ക്കുന്ന യുദ്ധോപകരണങ്ങളല്ല, മനുഷ്യജീവിതം രക്ഷിച്ചെടുക്കാൻ മാത്രം പഠിച്ചിട്ടുള്ള ശാസ്ത്രജ്ഞരാണ് ഞങ്ങളുടെ കൈമുതലെന്ന ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ വാക്കുകളുടെ കരുത്ത് അനുഭവിച്ചറിയുകയാണ് ലോകം.

Related News