റഷ്യയിൽ സഹപാഠികൾക്കുനേരെ വെടിയുതിർത്ത് വിദ്യാർഥി; 8 മരണം

  • 20/09/2021


മോസ്കോ: റഷ്യൻ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. സർവകലാശാലയിലെ ഒരു വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റതായി ആർ ടി ന്യൂസ് റിപ്പോർട്ട് ചെയ്തു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാർഥികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി.

തിങ്കളാഴ്ച കാലത്ത് 11 മണിയോടെയാണ് പതിനെട്ടുകാരനായ വിദ്യാർഥി സഹപാഠികൾക്കുനേരെ വെടിയുതിർത്തത്. അക്രമിയിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ കയറി വാതിൽപൂട്ടി. മറ്റു ചിലർ പ്രാണരക്ഷാർഥം സർവകലാശാലയുടെ ജനാല വഴി പുറത്തോട്ട് ചാടുകയായിരുന്നു.

വിദ്യാർഥികൾ ജനാല വഴി പുറത്തോട്ട് ചാടുന്നതിന്റെ ദൃശ്യങ്ങളും ആർ ടി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ജനാലവഴി ചാടിയ നിരവധി പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം പറയുന്നു.

Related News