അമേരിക്കയുടെ ആശങ്ക വർധിപ്പിച്ച് ഹവാന സിൻഡ്രോം: ഇന്ത്യ സന്ദർശിച്ച സി.ഐ.എ ഡയറക്ടർക്ക് അജ്ഞാത രോഗം ഉണ്ടായെന്ന് വെളിപ്പെടുത്തൽ

  • 21/09/2021




വാഷിങ്ടൺ: നയതന്ത്ര ഉദ്യോഗസ്ഥരിൽ വർധിച്ചുവരുന്ന ഹവാന സിൻഡ്രോം അമേരിക്കയുടെ ആശങ്ക വർധിപ്പിക്കുന്നു. ഈ മാസം ഇന്ത്യ സന്ദർശിച്ച സി.ഐ.എ ഡയറക്ടർ വില്യം ബേൺസിന്റെ സംഘത്തിലെ ഒരുദ്യോഗസ്ഥന് അജ്ഞാത രോഗം ഉണ്ടായെന്നും ചികിത്സ തേടിയെന്നുമാണ് റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം നിരവധി ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോം എന്ന വിചിത്രമായ അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദർശനം റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥരിൽ നിരന്തരമായി ഹവാന സിൻഡ്രോം കണ്ടുവരുന്നതിനാൽ വിശദമായ അന്വേഷണം നടത്തുകയാണ് അമേരിക്ക. ഈ വർഷം അവസാനത്തോടെ അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറല്ലെന്നും ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സി.ഐ.എ വക്താവ് വ്യക്തമാക്കി. അമേരിക്കയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഈ പ്രശ്നം. ഹവാന സിൻഡ്രോമിന് കാരണമെന്താണെന്ന് തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ല. 2016ൽ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഈ അവസ്ഥ കാണപ്പെട്ടത്.

ക്യൂബയ്ക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന സ്ഥിതിവിശേഷം ഉന്നത ഉദ്യോഗസ്ഥർ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ട്.

സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ ഹവാന സിൻഡ്രോം ബാധിച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കൈകാര്യം ചെയ്യപ്പെട്ട രീതിയിൽ ഉദ്യോഗസ്ഥർക്കുള്ള അമർഷത്തെ തുടർന്നായിരുന്നു ബ്ലിങ്കന്റെ കൂടിക്കാഴ്ച.

Related News