പാകിസ്ഥാനും ഇമ്രാനും തക്ക മറുപടി നൽകി സ്നേഹ സോഷ്യൽ മീഡിയയിൽ താരമായി

  • 26/09/2021


ന്യൂയോർക്ക്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയങ്ങൾ ഉയർത്തി നടത്തിയ വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ മറുപടി നൽകി.

'എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താൻ ഇതാദ്യമായിട്ടല്ല പാകിസ്താൻ യുഎൻ വേദി ദുരുപയോഗം ചെയ്യുന്നത്. തീവ്രവാദികൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നൽകി അതിന്റെ പരിതാപകരമായ അവസ്ഥയിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തി കൊണ്ടിരിക്കുന്നത്' സ്നേഹ പറഞ്ഞു.
ഭീകരർക്ക് അഭയം നൽകുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്നനയവും ചരിത്രവും പാകിസ്താനുണ്ടെന്ന് അവർ ഓർമിപ്പിച്ചു.

'ഏറ്റവും കൂടുതൽ തീവ്രവാദികൾക്ക് ആതിഥേയത്വം നൽകിയതിന്റെ അവിശ്വസനീയമായ റെക്കോർഡ് പാക്കിസ്താന്റെ പേരിലാണ്. ഒസാമ ബിൻ ലാദന് പാകിസ്താൻ അഭയമൊരുക്കി. ഇപ്പോൾ പോലും പാകിസ്താൻ നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്.
പാകിസ്താനിൽ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു' സ്നേഹ ദുബെ പറഞ്ഞു.

ബഹുസ്വരത എന്നത് പാകിസ്താന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവർ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങൾ ഉയർന്ന പദവികളിൽ എത്തുന്നതിനെ വിലക്കുന്നു. ലോക വേദിയിൽ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങൾ ആത്മപരിശോധന നടത്താമെന്നും സ്നേഹ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന് കൃത്യമായ മറുപടി നൽകിയ സ്നേഹ ദുബെ ആരാണെന്ന തിരച്ചിലിലായിരുന്നു ഇന്ത്യക്കാർ. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് യുഎന്നിലെ സ്നേഹയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. 2012 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയാണ് സ്നേഹ. സ്കൂൾ പഠനം പൂർത്തിയാക്കിയതു ഗോവയിൽ. പുണെ ഫെർഗൂസൻ കോളജിൽനിന്ന് ഉന്നത വിദ്യാഭ്യാസം. ജെഎൻയുവിൽനിന്ന് എംഫില്‍ നേടി.

12–ാം വയസ്സുമുതൽ ഐഎഫ്എസിന്റെ ഭാഗമാകണമെന്നായിരുന്നു സ്നേഹയുടെ ആഗ്രഹം. 2011ൽ ആദ്യ ശ്രമത്തിൽ സിവിൽ സർവീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര വിഷയങ്ങളിലുള്ള പഠനമാണ് ഐഎഫ്എസില്‍ ചേരാൻ പ്രേരണയായതെന്നു സ്നേഹ പറയുന്നു. ഐഎഫ്എസിൽ ചേരുന്നതോടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മികച്ച അവസരമാണു ലഭിക്കുകയെന്നും  വിശ്വസിച്ചു.

‌കുടുംബത്തിലെ ആദ്യ സർക്കാർ ഉദ്യോഗസ്ഥ കൂടിയാണ് സ്നേഹ. പിതാവ് ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണ്. അമ്മ അധ്യാപിക. ഐഎഫ്എസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു ആദ്യ നിയമനം. 2014 ഓഗസ്റ്റിൽ മഡ്രിഡിലെ ഇന്ത്യൻ എംബസിയിലെത്തി. നിലവിൽ യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയാണു സ്നേഹ.

Related News