തലയിൽ നിന്നൊഴുകിയിറങ്ങുന്ന കറുത്ത എണ്ണ: സാറ്റർഡേ മാഗസിനിലെ ഗ്രെറ്റയുടെ ചിത്രം ശ്രദ്ധനേടുന്നു

  • 26/09/2021


ലണ്ടൻ: തലയിൽ നിന്നൊഴുകിയിറങ്ങുന്ന കറുത്ത എണ്ണ. അത് നെറ്റിയിലൂടെ ഒഴുകിയിറങ്ങി കണ്ണുകൾ മറച്ച് കവിളുകളിലൂടെ ശരീരത്തിലേക്ക് പടരുന്നു. ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയന്റെ സാറ്റർഡേ മാഗസിനിൽ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെയുടെ മുഖചിത്രമാണിത്. വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ചിത്രം.

ദി ഗാർഡിയന്റെ വെബ്സൈ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മൂന്ന് ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുമായി ശബ്ദമുയർത്തുന്ന ഗ്രെറ്റ ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തുന്നത് ഇതാദ്യമാണ്. മാർകസ് ഓൽസണാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

പരിസ്ഥിതി പ്രശ്നങ്ങളും തന്റെ നിലപാടുകളും ചർച്ച ചെയ്യുന്ന ദൈർഘ്യമേറിയ അഭിമുഖ സംഭാഷണത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിനും ഖനനത്തിനുമെതിരെ ഗ്രെറ്റ നിലപാട് വ്യക്തമാക്കുന്നുണ്ട്.

കൽക്കരി, ക്രൂഡ് ഓയിൽ പോലുള്ളവയുടെ ഉപയോഗത്തിനും ഖനനത്തിനും അവസരം ഒരുക്കുകയും അതേസമയം പരിസ്ഥിതി വാദികളായി ചമയുകയും ചെയ്യുന്ന ലോക നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഗ്രെറ്റ പ്രതികരിച്ചത്.

കാലാവസ്ഥയ്ക്കാണ് ഏറെ പ്രാധാന്യം നൽകുന്നതെന്ന് പറയുന്ന ബോറിസ് ജോൺസൺ കുബ്രിയയിലും കാംബോയിലും കൽക്കരി ഖനികൾക്ക് അനുമതി നൽകിയത് ഗ്രെറ്റ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപിക്കുന്നതിനൊപ്പം കാലാവസ്ഥാ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്നും ഗ്രെറ്റ വിമർശിച്ചു. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അർഡെണിനേയും നിശിതമായി വിമർശിച്ച ഗ്രെറ്റ നേതാക്കളാരും തന്നെ വിസ്മയിപ്പിക്കുന്നില്ലെന്ന് പറഞ്ഞു.

ഹാനികരമല്ലാത്ത ചായവും ഒലിവ് എണ്ണയും ചേർത്ത മിശ്രിതമാണ് ഫോട്ടോഷൂട്ടിനായി ഗ്രെറ്റയുടെ തലയിലൂടെ ഒഴിച്ചത്. വലിയൊരു ത്യാഗമാണ് ഗ്രെറ്റ നടത്തിയത് എന്ന് വിശേഷിപ്പിച്ച ഗാർഡിയൻ ഗ്രെറ്റ ഇതിന് തയ്യാറായത് എങ്ങനെയാണെന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

Related News