ഇന്ത്യ ഏർപ്പെടുത്തിയ യാത്രനയങ്ങളിൽ ഇളവുവരുത്താൻ ബ്രിട്ടൺ

  • 02/10/2021


ലണ്ടൻ: ബ്രിട്ടനിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ യാത്രനയങ്ങളിൽ ഇളവ് വരുത്താൻ ശ്രമങ്ങളുമായി ബ്രിട്ടൻ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് കൊറോണ പരിശോധനയും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും സർക്കാർ ഏർപ്പെടുത്തിയിരുന്നു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപുളള ആർടിപിസിആർ ഫലവും യാത്രക്കാർ കൈയ്യിൽ കരുതണമെന്ന് നിർദേശമുണ്ട്. ഇന്ത്യയിലെത്തിയാൽ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധനയ്‌ക്ക് വിധേയരാകണമെന്നും സർക്കാർ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ മനം മാറ്റം.

വാക്‌സിൻ നയത്തിൻ സർക്കാറുമായി തുടർന്നും ചർച്ചയ്‌ക്ക് തയ്യാറാണെന്നാണ് ബ്രിട്ടന്റെ പുതിയ നിലപാട്. മുമ്പ് ഇന്ത്യയിൽ നിന്നുളള വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് വരെ ബ്രിട്ടൻ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇതിന് ഇളവ് വരുത്തണമെന്ന് രാജ്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടൻ ഇന്ത്യയുടെ ആവശ്യത്തിനോട് മുഖം തിരിക്കുകയായിരുന്നു.തുടർന്നാണ് ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ട് പോയത്.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കോവാക്‌സിനും കോവിഷീൽഡും പൂർണമായി അംഗീകരിക്കാൻ ബ്രിട്ടൻ വിസമ്മതിച്ചിരുന്നു. ഇറ്റലിയും ഫ്രാൻസും അടക്കമുള്ള യുറോപ്യൻ രാജ്യങ്ങളും അമേരിക്കയും അറബ് രാജ്യങ്ങളും കോവീഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രിട്ടൻ ഇന്ത്യൻ യാത്രികർക്ക് വിവേചനപരമായ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിരവധി പേരാണ് ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടുന്നത്.

Related News