അസംസ്‌കൃത എണ്ണവില 82.25 ഡോളറിൽ

  • 06/10/2021


മുംബൈ: അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നു. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 82.25 ഡോളറിലെത്തി. ഓഗസ്റ്റിലെ ശരാശരി വിലയെക്കാൾ ബാരലിന് എട്ടുമുതൽ പത്തുഡോളർ (ഏതാണ്ട് 745 രൂപ) വരെയാണ് വർധന. അസംസ്കൃത എണ്ണയുടെ ഉത്പാദനം ഉയർത്തുന്നത് സാവധാനം മതിയെന്ന ഒപെക് പ്ളസ് സംഘടനകളുടെ തീരുമാനവും ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ എണ്ണ കരുതൽ ശേഖരത്തിലെ ഇടിവുമാണ് പെട്ടെന്നുള്ള വില വർധനയിലേക്ക് നയിച്ചത്.

നവംബർവരെ എണ്ണയുത്പാദനം വലിയരീതിയിൽ കൂട്ടേണ്ടതില്ലെന്നും സാവധാനം പ്രതിദിന ഉത്പാദനം നാലു ലക്ഷം ബാരലിൽ എത്തിക്കാമെന്നുമാണ് തിങ്കളാഴ്ച ഒപെക് പ്ലസ് യോഗത്തിൽ തീരുമാനമായത്. ഇന്ത്യ, അമേരിക്ക, ചൈന പോലുള്ള എണ്ണ ഉപഭോഗം കൂടിയ രാജ്യങ്ങളുടെ താത്പര്യത്തിന്‌ വിരുദ്ധമാണിത്. അമേരിക്കയിലെയും ചൈനയിലെയും എണ്ണ കരുതൽശേഖരം വലിയ അളവിൽ കുറഞ്ഞതും തിരിച്ചടിയായി. അസംസ്കൃത എണ്ണവിലയിൽ ഈ വർഷം ഇതുവരെ 50 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്.
എണ്ണവില ക്രമാതീതമായി ഉയരുന്നത് പല രാജ്യങ്ങളിലും പ്രത്യേകിച്ച് ഇറക്കുമതി കൂടിയ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പഭീതി ശക്തമാണ്. കോവിഡിനുശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെയും ഇതു ബാധിച്ചേക്കാം.
അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുതിക്കുന്നതിനൊപ്പം രാജ്യത്ത് പെട്രോൾ-ഡീസൽ വിലകളും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ജയ്പുരിൽ പെട്രോൾവില ലിറ്ററിന് 110 രൂപയോടടുത്തു. ചൊവ്വാഴ്ചത്തെ വർധനയോടെ ഇവിടെ വില ലിറ്ററിന് 109.66 രൂപയിലെത്തി. ഡീസൽവില 100.42 രൂപയും. മുംബൈയിൽ പെട്രോൾവില 108.67 രൂപ കടന്നു. ഡീസലിന് 98.80 രൂപയായി. ഡൽഹിയിൽ പെട്രോളിന് 102.64 രൂപയും ഡീസലിന് 91.07 രൂപയുമാണ് വില. ചൊവ്വാഴ്ച ഡീസൽ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. ഡീസൽവിലയിൽ ലിറ്ററിന് കഴിഞ്ഞ 12 ദിവസത്തിനിടെ ഒമ്പതുതവണയായി 2.45 രൂപയുടെ വർധനയുണ്ടായി. പെട്രോളിന് ആറുതവണയായി 1.45 രൂപയും. ഏപ്രിലിനുശേഷം 41 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

Related News