ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

  • 07/10/2021


ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കുട്ടികൾക്കുള്ള ആർടിഎസ്, എസ്/എഎസ് 01(RTS,S/AS01) മലേറിയ പ്രതിരോധ വാക്‌സിനാണ് അംഗീകാരം ലഭിച്ചത്. പ്രതിവർഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്.  ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്.

ലോകത്തിലെ ആദ്യത്തെ മലേറിയ വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാൻ ഡബ്ല്യൂഎച്ച്ഒ ശുപാർശ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചു. ഇത് ചരിത്രനിമിഷമെന്നും ഡബ്ല്യു.എച്ച്.ഒ. തലവൻ പ്രതികരിച്ചു.  മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനം കൂടാതെ ഈ വാക്‌സിൻ ഉപയോഗിച്ച് അധികം ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. 

ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് മലേറിയ പരത്തുന്നത്. രോഗാണ് സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്. 

ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം. 

Related News