സാമ്പത്തിക നൊബേൽ: ഈ വർഷം മൂന്ന് പേർക്ക് പുരസ്കാരം

  • 11/10/2021


സ്റ്റോക്ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെൻസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കാഷ്വൽ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേർക്കും പുരസ്കാരം നേടിക്കൊടുത്തത്.

പുരസ്കാര ജേതാക്കളായ ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർ തൊഴിൽ വിപണിയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുകയും ഗവേഷണങ്ങളിൽ പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.

കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാലയിലെ ഫാക്കൽറ്റിയാണ്. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ് മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഡച്ച് പൗരനായ ഗ്യൂഡോ സ്റ്റാൻഫോർഡ് സർവകലാശാലയിലുമാണ് സേവനമനുഷ്ഠിക്കുന്നത്.

ആൽഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തികശാസ്ത്ര നൊബേൽ ഏർപ്പെടുത്തിയത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിക്കുന്നത്.

Related News