കോവിഡ് ചികിത്സയ്ക്ക് ഗുളിക, അടിയന്തിര ഉപയോഗത്തിന് അനുമതി തേടി നിര്‍മാതാക്കൾ; ലോകത്തില്‍ ആദ്യം

  • 12/10/2021



കോവിഡിനെ ചെറുക്കാനുള്ള മരുന്നിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മെര്‍ക്ക് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ(എഫ്.ഡി.എ.) സമീപിച്ചു. കോവിഡ് 19 ആന്റി വൈറല്‍ ട്രീറ്റ്‌മെന്റിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള മരുന്നിന്റെ ഉപയോഗത്തിനാണ് അനുമതി തേടിയത്. 

മോള്‍നുപിരാവിര്‍ (molnupiravir) എന്നറിയപ്പെടുന്ന ഈ ഗുളിക കോവിഡ് 19 നുള്ള വായിലൂടെ കഴിക്കാവുന്ന ഓറല്‍ ആന്റിവൈറല്‍ മരുന്നാണ്.  

കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായ രോഗികളില്‍ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്ക്കാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ ഈ ഗുളിക മികച്ച ഫലം ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ എഫ്.ഡി.എയ്ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. 

അടിയന്തിര അനുമതി ലഭിച്ചാല്‍ ഇതായിരിക്കും കോവിഡിനെതിരെയുള്ള കഴിക്കാവുന്ന ആദ്യത്തെ ഗുളിക. വളരെ എളുപ്പത്തില്‍ വീടുകളില്‍ വെച്ചു തന്നെ കഴിക്കാന്‍ സാധിക്കുന്നതാണ് ഈ ഗുളിക. 

കോവിഡ് ബാധിച്ച് അപകട സാധ്യതയുള്ള രോഗികളില്‍ ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കാന്‍ ഈ മരുന്നിന് സാധിച്ചിട്ടുണ്ടെന്ന് നേരത്തെ നടത്തിയ ട്രയലുകളില്‍ കണ്ടെത്തിയിരുന്നു. 

മെര്‍ക്ക്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഗുളിക വികസിപ്പിച്ചിരിക്കുന്നത്. 

ഇന്‍ഫ്യൂസ്ഡ് ആന്റിവൈറല്‍ റെംഡെസിവിര്‍, ജെനറിക് സ്റ്റിറോയ്ഡ് ഡെക്‌സാമെത്തസോണ്‍ എന്നീ മരുന്നുകള്‍ നിലവില്‍ കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് മാത്രമാണ് നല്‍കുന്നത്. റെജെനെറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ക് & എലിലില്ലി എന്നീ നിര്‍മ്മാതാക്കളും കോവിഡ് ചികിത്സയ്ക്കുള്ള മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. 

Related News