കൊറോണയ്ക്കെതിരെ ആന്റിബോഡി ഇൻജക്ഷൻ: രോഗം തീവ്രമാകുന്നതും മരണവും ഒഴിവാക്കാനാകുമെന്ന് ആസ്ട്രാസെനേക്ക

  • 12/10/2021


ന്യൂ ഡെൽഹി: കൊറോണ മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് ഇപ്പോഴും നാമെല്ലാവരും. കൊറോണ വാക്‌സിന്‍ സ്വീകരിക്കുകയാണെങ്കില്‍ രോഗം പിടിപെട്ടാലും അത് തീവ്രമാകാതെ പോകാമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇതുപോലെ തന്നെ രോഗത്തിനെതിരായ ആന്റിബോഡി കുത്തിവയ്ക്കാന്‍ സാധിച്ചാല്‍ രോഗികളില്‍ രോഗം തീവ്രമാകുന്നതും മരണവും ഒഴിവാക്കാനാകുമെന്നാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനേക്ക തങ്ങളുടെ പുതിയ ആന്റിബോഡി കോംബിനേഷന്‍ ചികിത്സയെ പരിചയപ്പെടുത്തിക്കൊണ്ട് പറയുന്നത്. 

തീരെ ചെറിയ ലക്ഷണങ്ങള്‍ തൊട്ട് 'മീഡിയം' നിലയില്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലാത്ത രോഗികള്‍ക്ക് നല്‍കാവുന്ന ആന്റിബോഡി കോംബിനേഷനാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. AZD7442 എന്ന ഈ ആന്റിബോഡ് കോംബോ, ഇന്‍ജെക്ഷനായി കുത്തിവയ്ക്കുകയാണ് ചെയ്യുകയത്രേ. 

ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഏതാണ്ട് 50 ശതമാനത്തോളം രോഗികളില്‍ രോഗതീവ്രത കുറയ്ക്കാനും മരണസാധ്യത ഇല്ലാതാക്കാനും ഈ ചികിത്സയ്ക്ക് സാധ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 90 ശതമാനവും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികളെയാണ് പഠനത്തിനായി ഉപയോഗിച്ചതെന്നും കമ്പനി പറയുന്നുണ്ട്. ഇവരില്‍ നിന്നാണ് ഈ ഫലം ലഭിച്ചിരിക്കുന്നത്.

600 എംജിയാണ് ഒരു ഡോസില്‍ വരിക. ഇത് അമ്പത് ശതമാനത്തോളം രോഗിയില്‍ അപകടസാധ്യത കുറയ്ക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ പോലും ഇതിന് ഫലം കാണാമെന്നും കമ്പനി അറിയിക്കുന്നു. തുടര്‍ന്ന് ആറ് മാസക്കാലത്തേക്ക് ഇതിന്റെ ഫലം രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു. 

ഏതായാലും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് കമ്പനിയിപ്പോള്‍. ഇതിനായി ആരോഗ്യവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും കമ്പനി അറിയിക്കുന്നു.

Related News