അറബിക്കടലിലെ ചക്രവാതച്ചുഴി: കേരളത്തിൽ മഴ തുടരും; 13 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

  • 12/10/2021

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്ച ജാഗ്രതാ നിര്‍ദേശം നൽകി. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെലോ അലർട്ടുമാണ്. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനിൽക്കാന്‍ സാധ്യതയുണ്ട്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

12-10-2021: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13-10-2021: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14-10-2021: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
13-10-2021: ആലപ്പുഴ, കോട്ടയം
14-10-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്
15-10-2021: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്
16-10-2021: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഏത് സാഹചര്യവും നേരിടാന്‍ പോലീസിന് നിർദ്ദേശം 

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന  മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Related News