നോര്‍വേയില്‍ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിൽ അക്രമി അഞ്ചുപേരെ അമ്പെയ്ത് കൊലപ്പെടുത്തി: ഒരാൾ പിടിയിൽ

  • 14/10/2021


കോങ്‌സ്ബർഗ്: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ ഡാനിഷ് പൗരൻ അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ അക്രമണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സംഭവ സ്ഥലം പൊലീസ് അടച്ചു. മുമ്പ് 2019ല്‍ മുസ്ലിം പള്ളിക്ക് നേരെ നോര്‍വേയില്‍ വെടിവെപ്പുണ്ടായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. പത്ത് വര്‍ഷം മുമ്പ് വലതുതീവ്രവാദി ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക് എന്നയാള്‍ 77 പേരെ കൊലപ്പെടുത്തിയിരുന്നു.

Related News