ലോകത്തെ ഏറ്റവും പ്രായമുള്ള ബഹിരാകാശയാത്രികനായി നടൻ വില്യം ഷാട്നർ

  • 14/10/2021


ടെക്സസ്: ലോകത്തെ ഏറ്റവും പ്രായമുള്ള ബഹിരാകാശയാത്രികനെന്ന റെക്കോർഡ് നടൻ വില്യം ഷാട്നറ (90) ർക്ക്. ക്ലാസിക് ടിവി പരമ്പര സ്റ്റാർട്രെക്കിലെ ക്യാപ്റ്റൻ കിർക്കിന്റെ വേഷമാണ് ലോകപ്രശസ്തനാക്കിയത്. പരമ്പരയിൽ ബഹിരാകാശത്ത് അങ്ങോളമിങ്ങോളം ക്യാപ്റ്റൻ കിർക്ക് സഞ്ചരിച്ചിരുന്നു. ഇത് യാഥാർഥ്വമാക്കിയായിരുന്നു അരമണിക്കൂർ നീണ്ട ബഹിരാകാശ യാത്രയ്ക്കൊടുവിൽ തിരിച്ചുഭൂമിയിലെത്തിയത്.

ഇന്നലെ രാത്രി 8.30ന് ടെക്സസിലെ വാൻഹോണിൽ നിന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപാർഡ് നടത്തിയ ‘സബ് ഓർബിറ്റൽ’ യാത്രയിൽ ഷാട്നർ ബഹിരാകാശത്തെത്തി. അരമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ റെക്കോർഡിന് ഉടമയായി തിരിച്ചെത്തി. ഷാറ്റ്നർക്കൊപ്പം നാസ എൻജിനീയർ ക്രിസ് ബോഷ്വാസിൻ, സംരംഭകനായ ഗ്ലെൻ ജി വ്രൈസ്, ബ്ലൂ ഒറിജിൻ വൈസ് പ്രസിഡന്റ് ഓഡ്രി പവേഴ്സ് എന്നിവരുമുണ്ടായിരുന്നു.

60 അടി പൊക്കമുള്ള ന്യൂ ഷെപാഡ് പേടകം 100 കിലോമീറ്റർ ഉയരത്തിലുള്ള, ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി കടന്നു പോയി. ജൂലൈ 20ന് ആണ് ബ്ലൂ ഒറിജിൻ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തിയത്. ജെഫ് ബെസോസും ഉൾപ്പെട്ട യാത്രാസംഘത്തിലെ അംഗമായിരുന്ന വാലി ഫങ്ക് (82) അതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത്. പ്രതിയോഗികളായ വെർജിൻ ഗലാറ്റിക്, സ്പേസ് എക്സ് എന്നീ കമ്പനികളുമായി മത്സരത്തിലാണ് ബ്ലൂ ഒറിജൻ.

Related News