ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവർ സമയം കണ്ടത്തേണ്ടത്; ശതകോടീശ്വര വ്യവസായികളെ വിമർശിച്ച് വില്യം രാജകുമാരൻ

  • 15/10/2021


ലണ്ടൻ: ബഹിരാകാശ ടൂറിസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളെ വിമർശിച്ച് വില്യം രാജകുമാരൻ. ബഹിരാകാശ ടൂറിസത്തിനല്ല ഭൂമിയെ സംരക്ഷിക്കുന്നതിനാണ് അവർ സമയവും പണവും നിക്ഷേപിക്കേണ്ടത് എന്ന് വില്യം പറഞ്ഞു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ബിബിസി ന്യൂസ്കാസ്റ്റ് പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'ഈ ഗ്രഹത്തിന്റെ കേടുപാടുകൾ തീർക്കാൻ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാൻ അടുത്ത സ്ഥലം തേടുന്നവരല്ല.' അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്തോളം ഉയരത്തിൽ പോവുന്നതിൽ താൽപര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.

സ്റ്റാർ ട്രെക്ക് എന്ന സയൻസ് ഫിക്ഷൻ പരമ്പരയിലെ താരമായ 90 വയസുകാരൻ വില്യം ഷാർടനെർ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ വികസിപ്പിച്ച ന്യൂ ഷെപ്പേർഡ് സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ യാത്ര പോകുന്നതായ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വില്യം രാജകുമാരന്റെ വിമർശനം.

ജെഫ് ബെസോസ്, റിച്ചാർഡ് ബ്രാൻസൻ, ഇലോൺ മസ്ക് തുടങ്ങിയ കോടീശ്വര വ്യവസായികൾ ബഹിരാകാശ ടൂറിസം ഉൾപ്പടെയുള്ള പദ്ധതികളിൽ ശ്രദ്ധചെലുത്തുകയാണ്. ചൊവ്വയിൽ കോളനി നിർമിക്കുന്നതുൾപ്പടെയുള്ള പദ്ധതികളാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ആസൂത്രണം ചെയ്തുവരുന്നത്. ബഹിരാകാശം വഴിയുള്ള ഭൂഖണ്ഡാന്തര യാത്രയും സ്പേസ് എക്സിന്റെ പദ്ധതികളിലൊന്നാണ്.

തന്റെ കുഞ്ഞുങ്ങളും ഭാവി തലമുറകളും ഈ ഭൂമിയുടെ കേടുപാടുകൾ തീർക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് ഉറപ്പുവരുത്തുകയാണ് എന്റെ ആഗ്രഹം. തന്റെ മകൻ ജോർജിനും അവന്റെ 30ാം വയസിൽ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് പറയേണ്ടി വന്നാൽ അത് സമ്പൂർണ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News