അഫ്ഗാനിസ്താനിൽ നിന്ന് നൂറോളം ഫുട്ബോൾ താരങ്ങളെ ഖത്തറിലെത്തിച്ച് ഫിഫ

  • 15/10/2021


കാബൂൾ: അഫ്ഗാനിസ്താനിൽ നിന്ന് നൂറോളം ഫുട്ബോൾ താരങ്ങളെ ഖത്തറിലെത്തിച്ച് ഫിഫ. താലിബാനുമായി നടന്ന സങ്കീർണമായ ചർച്ചകൾക്ക് ശേഷം വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ഫിഫ ഖത്തറിലെത്തിച്ചത്. കാബൂളിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ താരങ്ങൾ ദോഹയിലെത്തി.

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനിൽ ഫുട്ബോൾ താരങ്ങളുടെ ഭാവി അനിശ്ചിത്വത്തിലായതോടെയാണ് ഫിഫയുടെ ഇടപെടൽ. ഈ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ വനിതാ താരങ്ങൾ ഫുട്ബോൾ കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്താനിലെ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെയാണ് ഇവർ പാകിസ്താനിലെത്തിയത്. ടീമിലെ എല്ലാവർക്കും അഭയാർഥികൾക്കുള്ള അടിയന്തര വീസ പാകിസ്താൻ അനുവദിക്കുകയായിരുന്നു.

Related News