ചൈനയിലെ ഏറെ പ്രസിദ്ധമായ ഖുറാന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

  • 16/10/2021


ബെജിങ്: ചൈനയിലെ ഏറെ പ്രസിദ്ധമായ ഖുറാന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍. ചൈനീസ് അധികൃതരില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഖുറാന്‍ മജീദ് എന്ന മൊബൈല്‍ ആപ്പ് ആപ്പിള്‍ സ്റ്റോറിൽ നിന്ന് നീക്കിയത്. ലോകമെമ്പാടും ലഭ്യമായിരുന്ന ഈ ആപ്പിന് 150000ലേറെ റിവ്യൂസും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുമായിരുന്നു ഉണ്ടായിരുന്നത്. അനധികൃതമായി മതപരമായ ആശയങ്ങള്‍ ഉപയോഗിച്ചതിനേത്തുടര്‍ന്നാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് ബിബിസി സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആപ്പ് നീക്കം ചെയ്തതിനേക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയെങ്കിലും ഇതുവരെ അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ആപ്പിളിനെ ഉദ്ധരിച്ച് ഖുറാന്‍ മജീദ് ചൈനാ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ്. ചൈനീസ് അധികൃതരില്‍ നിന്നും മറ്റ് രേഖകള്‍ ആവശ്യമായ ഉള്ളടക്കം ആപ്പില്‍ കണ്ടതിനേത്തുടര്‍ന്നാണ് നടപടിയെന്ന് ആപ്പിന്‍റെ നിര്‍മ്മാതാക്കളായ പിഡിഎംഎസ് അവരുടെ പ്രസ്താവനയില്‍ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ചൈനയിലെ സൈബര്‍ അധികാരികളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണെന്നും ആപ്പിന്‍റെ നിര്‍മ്മാതാക്കള്‍ വിശദമാക്കി.

പത്ത് ലക്ഷത്തോളം ആളുകള്‍ക്കാണ് ആപ്പിന്‍റെ പ്രയോജനങ്ങള്‍ നഷ്ടമായതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇസ്ലാമിനെ  മതമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണ്. എങ്കിലും രാജ്യത്ത് ഉയിഗര്‍ മുസ്ലിമുകള്‍ക്കും സിംഗ്ജിയാംഗ് പോലുള്ള വംശീയ വിഭാഗങ്ങള്‍ക്കെതിരായും വംശഹത്യ അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി പല റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംബന്ധിയായ ചോദ്യങ്ങളോട് പ്രാദേശിക നിയമങ്ങള്‍ പിന്തുടരേണ്ടതിന്‍റെ ആവശ്യകതയെന്നാണ് ആപ്പിളിന്‍റെ പ്രതികരണം.

ആഗോളതലത്തില്‍ 35 ദശലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസം തന്ത്രപരമായ വോട്ടിംഗ് സംബന്ധിയായ ആപ്പ് ഗൂഗിളും ആപ്പിളും നീക്കിയിരുന്നു. റഷ്യയില്‍ അടുത്തിടെ ജയിലിലായ പ്രതിപക്ഷ നേതാവ് അലെക്സി നവാല്‍നി അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ആപ്പായിരുന്നു ഇത്. ആപ്പ് പിന്‍വലിച്ചില്ലെങ്കില്‍ വന്‍തുക പിഴ അടയ്ക്കേണ്ടി വരുമെന്നായിരുന്നു ഭരണകൂടം ഗൂഗിളിനും ആപ്പിളിനും നല്‍കിയ മുന്നറിയിപ്പ്. ആപ്പിളിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ചൈനീസ് നിര്‍മ്മാതാക്കളെ വലിയ തോതില്‍ ആശ്രയിച്ചാണ് ആപ്പിളിന്‍റെ ചൈനയിലെ പ്രവര്‍ത്തനം നടക്കുന്നതും. നേരത്തെയും മതപരമായ ആപ്പുകള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ആപ്പിള്‍ നീക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. 

Related News