അഫ്ഗാനിസ്താൻ വനിതാ ജൂനിയർ വോളിബോൾ ടീം അംഗത്തെ താലിബാൻ തലയറുത്ത് കൊന്നു

  • 20/10/2021


കാബൂൾ: അഫ്ഗാനിസ്താൻ വനിതാ ജൂനിയർ ദേശീയ വോളിബോൾ ടീം അംഗത്തെ താലിബാൻ തലയറുത്ത് കൊന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ പേർഷ്യൻ ഇൻഡിപ്പെൻഡന്റിന് നൽകിയ അഭിമുഖത്തിൽ വോളിബോൾ ടീമിന്റെ പരിശീലകയായ സുരയ്യ അഫ്സാലിയാണ് (യഥാർഥ പേരല്ല) ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിൻ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തിന്റെ കുടുംബത്തെ താലിബാൻ ഭീഷണിപ്പെടുത്തിയതായും പരിശീലകൻ പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വെളിപ്പെടുത്തൽ.

അഷറഫ് ഗാനി സർക്കാരിന്റെ കാലത്ത് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിൻ. ഈ ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താൻ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട് താരങ്ങൾക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകൻ പറയുന്നു. താരങ്ങൾ ആഭ്യന്തര, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1978-ലാണ് അഫ്ഗാനിസ്താൻ ദേശീയ വനിതാ വോളിബോൾ ടീം നിലവിൽ വന്നത്.

Related News