70,000 രൂപയുടെ ഐഫോണിനു പകരം സോപ്പ്; പണം തിരികെ നല്‍കി ആമസോണ്‍

  • 21/10/2021


തിരുവനന്തപുരം: ആപ്പിള്‍ ഐഫോണ്‍ ബുക്ക് ചെയ്ത ഉപഭോക്താവിന് സോപ്പ് ലഭിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ റൂറല്‍ പൊലീസിന്റെ ഇടപെടല്‍ മൂലം കഴിഞ്ഞ ദിവസം തിരിച്ച് അക്കൗണ്ടിലെത്തി. നൂറുല്‍ അമീനാണ് പണം തിരികെ കിട്ടിയത്.  

ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ആണ് തോട്ടമുഖം സ്വദേശി നൂറല്‍ അമീന്‍ ബുക്ക് ചെയ്തത്. ആമസോണ്‍ കാര്‍ഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ യഥാര്‍ത്ഥ ഫോണ്‍ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിലാണ് പേക്കറ്റ് തുറക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. 

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമസോണുമായി പോലിസ് ബന്ധപ്പെട്ടു. നൂറുല്‍ അമീറിന് ലഭിച്ച ഒര്‍ജിനല്‍ ഫോണ്‍ കവറില്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും ഈ ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലാണ് ഫോണ്‍ ബുക്ക് ചെയ്തത്. 

എന്നാല്‍ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ സെപ്റ്റംബറില്‍ രജസിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പൊലീസിനോടു പറയുകയും കഴിഞ്ഞ ദിവസം നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. 

സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം തല്‍ഹത്ത്, സി.പി.ഒ ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ മാസം പറവൂരുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ്പ്‌ടോപ് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണവും നടക്കുകയാണ്.

Related News