ചൈനയ്ക്കെതിരായ തായ്വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങും: ജോ ബൈഡൻ

  • 22/10/2021


ബാൽട്ടിമോർ: ചൈനയ്ക്കെതിരായ തായ്വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വിഷയത്തിൽ ദീർഘകാലമായി അമേരിക്ക തുടർന്നുവന്നിരുന്ന 'തന്ത്രപരമായ മൗനം' നീക്കിയാണ് ചൈനയിൽ നിന്ന് തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തായ്വാൻ വിഷയത്തിൽ അമേരിക്ക നിലപാടുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.

സി.എൻ.എൻ ഹാളിൽ നടന്ന പരിപാടിയിൽ തായ്വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ബൈഡന്റെ മറുപടി. ബീജിങിൽ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മർദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധതരാണെന്ന് ബൈഡൻ വ്യക്തമാക്കി.

തായ്വാൻ വിഷയത്തിൽ പതിറ്റാണ്ടുകളായി അമേരിക്ക തന്ത്രപരമായ മൗനം അവലംബിച്ചുവരികയായിരുന്നു. തായ്വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നൽകിയിരുന്നെങ്കിലും വിഷയത്തിൽ പരസ്യ പ്രഖ്യാപനങ്ങൾക്കൊന്നും അമേരിക്ക മുതിർന്നിരുന്നില്ല. ആദ്യമായാണ് ചൈനയിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കാൻ രംഗത്തെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ്ഹൗസ് പറ്ഞ്ഞെങ്കിലും പ്രസിഡന്റിന് നാക്കുപിഴ സംഭവിച്ചതാണോ എന്ന ചോദ്യത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറി.

തായ്വാൻ റിലേഷൻഷിപ്പ് നിയമം പ്രകാരമാണ് അമേരിക്ക വിഷയത്തിൽ നിലപാട് രൂപീകരിച്ചിരുന്നത്. ''തായ്വാന്റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുന്നത് ഞങ്ങൾ തുടരും. ദ്വീപിന്റെ നിലവിലെ സാഹചര്യങ്ങളിൽ ഏകപക്ഷീയമായി മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ ഞങ്ങൾ അതിനെ എതിർക്കും''- വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.

അതേസമയം ബൈഡന്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. തങ്ങൾക്ക് സുപ്രധാനമായ വിഷയങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും വരുത്താൻ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. 

തായ്വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്വാൻ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി.

Related News