തൊഴിൽ നഷ്ടമായി: റോഡിന് നടുവിൽ നിരയായി നിന്ന് വസ്ത്രം അഴിച്ച് എയർ ഹോസ്റ്റസുമാരുടെ പ്രതിഷേധം

  • 26/10/2021



ജോലി ചെയ്തുകൊണ്ടിരുന്ന എയർലൈൻസ് കമ്പനി കൈമാറ്റം ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ടതിൽ പ്രതിഷേധവുമായി ഡസൻ  കണക്കിന് എയർ ഹോസ്റ്റസുമാർ തെരുവിലിറങ്ങി. ഇറ്റലിയിലെ  അൽ ഇറ്റാലിയ എന്ന എയർലൈൻസ് കമ്പനിയിലെ ജോലിക്കാരായിരുന്ന എയർഹോസ്റ്റസുമാരാണ് സെൻട്രൽ റോമിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പുതിയ എയർലൈൻസ് കമ്പനിയുടെ തീരുമാനങ്ങളിലുള്ള എതിർപ്പറിയിക്കാൻ  റോഡിന് നടുവിൽ നിരയായി നിന്ന് യൂണിഫോം അഴിച്ചായിരുന്നു പ്രതിഷേധം. 

യൂണിഫോം ധരിച്ചെത്തിയ അൻപതോളം എയർ ഹോസ്റ്റസുമാർ അതാത് സ്ഥാനങ്ങളിൽ നിലയുറപ്പിച്ച ശേഷം ഒരേ സമയം കോട്ടും ഷർട്ടും സ്കേർട്ടും ഷൂസുകളും അഴിച്ചുവയ്ക്കുകയായിരുന്നു.   അല്‍പസമയം മൗനമായി നിലകൊണ്ട ശേഷം ഒന്നായി ചേർന്ന് ഇവർ മുദ്രാവാക്യങ്ങളുമുയർത്തി. 

ഒക്ടോബർ 14നായിരുന്നു അൽ ഇറ്റാലിയ കമ്പനിയുടെ അവസാന ഫ്ലൈറ്റ്. തൊട്ടടുത്ത ദിവസം തന്നെ കമ്പനിയുടെ പുതിയ ഉടമസ്ഥരായ ഇറ്റലി എയർ ട്രാൻസ്പോർട്ട് (ഐ ടി എ) പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 775 കോടി രൂപയ്ക്കാണ് ഐടിഎ അൽ ഇറ്റാലിയ സ്വന്തമാക്കിയത്. 

എന്നാൽ 10000  ജോലിക്കാർ ഉണ്ടായിരുന്ന അൽ ഇറ്റാലിയയിൽനിന്ന് മൂവായിരത്തിൽ താഴെ ആളുകളെ മാത്രമാണ് ഐടിഎ നിയമിച്ചത്. 2025 ൽ മാത്രമേ ജോലിക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലേക്കുയർത്താനാകു എന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു. 
ഇതോടെ തൊഴിൽ നഷ്ടപ്പെട്ട അൽ ഇറ്റാലിയയിലെ ജീവനക്കാരാണ് പ്രതീകാത്മക പ്രതിഷേധം   സംഘടിപ്പിച്ചത്. 

നിലവിൽ ഐടിഎയിൽ ജോലിക്ക് കയറിയിരിക്കുന്ന മുൻ അൽഇറ്റാലിയൻ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്.  എന്നാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതിക്ക്  അനുയോജ്യമായ വിധത്തിൽ മാത്രമേ പ്രവർത്തിക്കാനാവൂ എന്നാണ് ഐടിഎയുടെ നിലപാട്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് തൊഴിൽ നഷ്ടപ്പെട്ട ജോലിക്കാർക്ക് അഞ്ചു വർഷമെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നൽകണമെന്ന  ആവശ്യവുമായി ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് യൂണിയൻ ഭാരവാഹികൾ.

Related News