കുട്ടികളിൽ കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ആര്‍.എസ്.വി. രോഗം; ആരോഗ്യവകുപ്പ് നടപടി തുടങ്ങി

  • 28/10/2021



കോഴിക്കോട്: കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആർ.എസ്.വി. (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) കോഴിക്കോട്ട് കുഞ്ഞുങ്ങളിൽ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളിൽ 24 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

നിലവിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തിൽ രോഗികളുടെ ലിസ്റ്റ് പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോ എന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അധികൃതർ വിലയിരുത്തിവരികയാണ്.

18 മാസത്തിൽ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങൾ. ചില കുഞ്ഞുങ്ങളിൽ ന്യുമോണിയയുടേതുപോലുള്ള ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.

ലോകത്ത് പ്രതിവർഷം 1,60,000 കുട്ടികൾ ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. അതിവേഗം പകരുന്ന രോഗമായതിനാൽ ഐസൊലേഷൻ വേണ്ടിവരും. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് രോഗസൗഖ്യം ലഭിക്കാറുണ്ട്. രോഗബാധയെത്തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സതേടിയ കുഞ്ഞുങ്ങളിൽ ആറുപേർക്ക് വെന്റിലേറ്റർ സപ്പോർട്ട് നൽകേണ്ടിവന്നു. ആന്റിജൻ ടെസ്റ്റ്, മോളിക്യുലർ ടെസ്റ്റിങ്, വൈറൽ കൾച്ചർ തുടങ്ങിയവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. റാപ്പിഡ് ടെസ്റ്റുമുണ്ട്.

ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്. രോഗം സങ്കീർണമായാൽ ചികിത്സച്ചെലവ് ഏറും. ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമല്ല. ഒരിക്കൽ രോഗംവന്ന കുട്ടികൾക്ക് വീണ്ടും രോഗം വരുന്നതായും രണ്ടാമത് വരുമ്പോൾ ശക്തി കുറയുന്നതായും ഡോക്ടർമാർ നിരീക്ഷിക്കുന്നു.

കൊറോണ അടച്ചിടലിനെ തുടർന്ന് ഒന്നര വർഷത്തോളം കുട്ടികൾ പുറത്തിറങ്ങാതിരുന്നതിനാൽ അവരുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ഇപ്പോൾ പുറത്തിറങ്ങുകയും ചെയ്തത് കാരണമാവാം രോഗം കൂടുതലായി കാണപ്പെടുന്നതെന്ന് മിംസിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. റോഷ്നി ഗംഗൻ പറഞ്ഞു.

Related News