20 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും

  • 28/10/2021


തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് നാളെ കോൺഗ്രസിൽ ചേരും. നാളെ രാവിലെ 11 മണിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻ്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. 20 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നത്. മുതിർന്ന രാഷ്ട്രീയ നേതാവായ ചെറിയാന് കോൺഗ്രസിൽ നിർണായക സ്ഥാനം ലഭിക്കുമോയെന്നതിൽ തീരുമാനമായിട്ടില്ല.

ഇടതുപക്ഷവുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും ലീഗ് നേതാവുമായിരുന്ന അവുക്കാദർക്കുട്ടി നഹ പുരസ്കാരം സ്വീകരിക്കുന്ന വേദിയിൽ ഉമ്മൻചാണ്ടിയുമായി ചെറിയാൻ ഫിലിപ്പ് ആശയവിനിമയം നടത്തിയിരുന്നു. ഉമ്മൻചാണ്ടി തൻ്റെ രക്ഷകർത്താവാണെന്ന് അദ്ദേഹം പരസ്യപ്പെടുത്തി. ഇതോടെ പഴയകാല ഓർമ്മകൾ പങ്കുവച്ച അദ്ദേഹം ഉമ്മൻചാണ്ടിയെക്കുറിച്ച് വാചാലനായി.

കോൺഗ്രസ് വിട്ട ശേഷം ഔദ്യോഗികമായി ഒരു ചടങ്ങിൽ ഉമ്മൻചാണ്ടിയോടൊപ്പം പങ്കെടുക്കുന്നതിനും രാഷ്ട്രീയ നീക്കങ്ങൾ ഏറെ ഉണ്ടായിരുന്നു. തെറ്റുപറ്റിയത് തനിക്കാണെന്ന് ചെറിയാനും പരസ്പരം ഇരുവരും തമ്മിൽ അകൽച്ചയില്ലെന്നു ഉമ്മൻചാണ്ടിയും വ്യക്തമാക്കിയതോടെ കോൺഗ്രസിലേക്കുള്ള പുന:സമാഗമത്തിന് അത് വഴിയൊരുക്കി. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും കെ മുരളീധരനും അടക്കമുള്ള നേതാക്കൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന. സ്ഥാനമാനങ്ങള്‍ ലക്ഷ്യംവച്ച് ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയെന്ന ആക്ഷേപം ഒഴിവാക്കുന്നതിനാണിത്. ഏതായാലും, പുനസംഘടന പൂർത്തിയായ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് എന്ത് സ്ഥാനം നൽകുമെന്നുള്ളതിൽ പാർട്ടി നേതൃത്വം തീരുമാനമെടുത്തിട്ടില്ല.

ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കിയായിരുന്ന ചെറിയാന്‍ ഫിലിപ്പ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സിപിഎമ്മിൻ്റെ മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ ഭാഗമായ കൈരളി ചാനലിൽ മുമ്പ് ചെയ്തിരുന്ന പരിപാടിയായ 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരില്‍ ജനുവരി ഒന്നിന് യുട്യൂബ് ചാനല്‍ തുടങ്ങുമെന്ന് അറിയിച്ചു കൊണ്ട് നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു ഇതിലായിരുന്നു ചെറിയാൻ വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങുന്നതായുള്ള സൂചനകൾ പരന്നിരുന്നത്.

എന്നാൽ, പുസ്തകരചനയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്ന് അദ്ദേഹം നേരത്തെ തന്നെ പല ഘട്ടത്തിൽ സൂചിപ്പിച്ചിരുന്നു. സിപിഎമ്മിൻ്റെ രാജ്യസഭാ സ്ഥാനം നൽകാത്തതുമായി ബന്ധപ്പെട്ട് ചെറിയാൻ ഇടതുപക്ഷത്തോട് ഇടഞ്ഞിരുന്നു. ഖാദി ബോര്‍ഡിലെ വൈസ് ചെയർമാനും സ്ഥാനം നല്‍കിയെങ്കിലും ഖാദിവില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച് അദ്ദേഹം പരസ്യമായി നിരസിക്കുകയും ചെയ്തിരുന്നു.

പിന്നാലെ സിപിഎം പി.ബി.അംഗം കോടിയേരി ബാലകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിനെ ബന്ധപ്പെട്ടിരുന്നു. ഖാദി ബോര്‍ഡ് വിഷയത്തില്‍ സിപിഎമ്മിനുണ്ടായ വിഷമങ്ങള്‍ പങ്കുവച്ച കോടിയേരി മറ്റൊന്നും പറഞ്ഞതുമില്ല. കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായെങ്കിലും എ.കെ.ആന്‍റണി ഉള്‍പ്പടെ പല മുതിര്‍ന്ന നേതാക്കളുമായും ചെറിയാന്‍ ഫിലിപ്പിന് ഊഷ്മള ബന്ധമുണ്ട്. ചെറിയാന്‍ ഫിലിപ്പിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നിലപാട് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ കാണിക്കുന്നതിലും ഒരു പരിധി വരെ അദ്ദേഹത്തിന് മടങ്ങി വരുന്നതിനു കാരണമായി.

പിണറായി വിജയനെ പുകഴ്ത്തി പലതവണ പ്രസ്താവനകൾ നടത്തിയിരുന്ന ചെറിയാന് എംപി സ്ഥാനം കൂടി ലഭിക്കാതായതോടെ പൂർണമായും ഇടതുപക്ഷത്തിൽ നിന്ന് അകലേണ്ടി വന്നു. പിന്നാലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോൾ താൻ ആരുടെയും രക്ഷകർത്താവല്ലെന്നു സൂചിപ്പിച്ചതും ചെറിയാനെതിരെയുള്ള പരോക്ഷ മറുപടിയായിരുന്നു. 2001ലാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മുൻപ് പുതുപ്പള്ളിയിൽ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു.

Related News