ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • 30/10/2021


റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനിൽ ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാർ പാപ്പയെ ഇന്ത്യാ സന്ദർശനത്തിന് ക്ഷണിച്ചത്. 1999ൽ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുങ്ങുന്നത്.

മോദിയും മാർ പാപ്പയും തമ്മിൽ ഇന്ന് ഇന്ത്യൻ സമയം 12 മണിയ്ക്ക് പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ചർച്ച സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പിന്നീട് വ്യക്തമാക്കും.

പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചർച്ച നടത്തും.

ഇറ്റലിയിലെത്തിയ മോദി യൂറോപ്യൻ യൂണിയൻ കൗൺസിൽ ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൺ ഡെയർ ലെയെൻ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദരാഗി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അവിടത്തെ ആദ്യ ഔദ്യോഗിക ചടങ്ങിൽ വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ദേശീയ, ആഗോളവികസനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചചെയ്തത്. മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനായി മനുഷ്യബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ആശയങ്ങൾ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തുടർന്ന്, പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.

മൂന്നുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയും ചേർന്ന് സ്വീകരിച്ചു. 12 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി റോം സന്ദർശിക്കുന്നത്.

ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമിൽനിന്ന് പ്രധാനമന്ത്രി നേരെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്പെയിൻ പ്രധാനമന്ത്രി പെദ്രൊ സാൻചെസുമായും ജർമൻ ചാൻസലർ ആംഗേല മെർക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Related News