കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും

  • 03/11/2021


ന്യുഡൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് വിദേശ രാജ്യങ്ങളിൽ അടിയന്തര ഉപയോഗാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന്റെ എമർജൻസി യൂസേജ് ലിസ്റ്റിംഗ് (EUL) അംഗീകാരം സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുക. ഇതിനകം തന്നെ ഇത് സംബന്ധിച്ച തീരുമാനം ആഴ്ചകളോളം വൈകിയിരിക്കുകയാണ്.

ഏപ്രിൽ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്. വാക്സിൻ പരീക്ഷണഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതൽ രേഖകൾ ഹാജരാക്കിയിരുന്നു. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം കോവാക്സിനുള്ള അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവാക്സിൻ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്സിന് ലഭിക്കുന്നതോടെ കോവാക്സിൻ സ്വീകരിച്ച ആളുകൾക്ക് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ അംഗീകാരം ലഭിക്കുന്നതിന് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒക്ടോബർ അവസാനത്തോടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുകയായിരുന്നു.

ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വാക്സിനുകൾക്ക് ഗ്ലോബൽ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാൽ അന്താരാഷ്ട്ര യാത്രകൾ സുഗമമാകുമെന്നും മറ്റ് രാജ്യങ്ങളിലെ ആളുകൾക്കും വാക്സിൻ നൽകാൻ ഇന്ത്യക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News