ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടി: ശ്രീനഗര്‍-ഷാര്‍ജ വിമാനത്തിന് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നൽകാതെ പാകിസ്താൻ

  • 03/11/2021


ന്യൂ ഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് പാകിസ്താൻ അനുവദിച്ചില്ല. പാകിസ്താന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കും.

പാകിസ്താന്റെ വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്പുർ, അഹമ്മദാബാദ്, ഒമാൻ വഴി ഷാർജയിലേക്ക് പറക്കേണ്ടി വരും. ഒരു മണിക്കൂർ അധിക യാത്ര വരുന്നതിനാൽ ഇതിന് ചിലവേറും.

കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ആദ്യ ശ്രീനഗർ-ഷാർജ വിമാന സർവീസിന് ഫ്ളാഗ് ഓഫ് ചെയ്തത്. 11 വർഷത്തിന് ശേഷമാണ് ശ്രീനഗറിൽ നിന്നുള്ള അന്തരാഷ്ട്ര വിമാന സർവീസ് പുനരുജ്ജീവിപ്പിച്ചത്. 2009-ൽ ശ്രീനഗറിൽ നിന്ന് ദുബായിലേക്ക് എയർഇന്ത്യ എക്സ്പ്രസ് ആദ്യ അന്താരാഷ്ട്ര സർവീസ് നടത്തിയിരുന്നു. പിന്നീടത് നിർത്തലാക്കപ്പെട്ടു.

പാകിസ്താന്റെ നടപടി ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള വിശേഷിപ്പിച്ചു. 2009-10 കാലത്ത് ശ്രീനഗർ-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസിനോടും പാകിസ്താൻ ഇതേ രീതിയിലാണ് പെരുമാറിയതെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

അടിസ്ഥാനപരമായ അനുമതികളൊന്നും നേടാതെ കൊട്ടിഘോഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി വിമർശിച്ചു. 'വ്യോമാർതിർത്തി ഉപയോഗിക്കുന്നതിന് പാകിസ്താന്റെ അനുമതി പോലും വാങ്ങാത്തത് അമ്പരിപ്പിക്കുന്നു. വെറും പി.ആർ പ്രവർത്തനമാണ് സർക്കാർ നടത്തിയത്'മെഹബൂബ പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യക വിവിഐപി വിമാനത്തിന് വ്യോമപാത ഉപയോഗിക്കാൻ പാകിസ്താൻ അനുമതി നൽകിയിരുന്നു. അടുത്തിടെ ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാതയിലൂടെയായിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശ്രീലങ്ക സന്ദർശിക്കുന്നതിന് ഇന്ത്യയും തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു.

Related News