ഈജിപ്തില്‍ കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ തേളുകളുടെ ആക്രമണവും: മൂന്നുപേർ മരിച്ചു, 450 പേർക്ക് പരിക്ക്

  • 14/11/2021



കയ്‌റോ: വെള്ളിയാഴ്ച മഴ തിമിർത്തുപെയ്തപ്പോൾ നൈൽനദിയിലെ വെള്ളപ്പൊക്കമല്ല ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനെ വലച്ചത്. കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. വീടുകൾ തേടിവന്ന അവയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. പരിക്കേറ്റവരുെട എണ്ണം 450.

ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ.

ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.

കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പ്രതിവർഷം ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങൾക്ക് ഇരയായി ലോകത്ത് മരിക്കുന്നത്.

Related News