ഐഎസ്ആർഒ ചാരക്കേസ്: മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി; സിബി മാത്യൂസിന് ആശ്വാസം

  • 16/11/2021

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. കേസിൽ 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമായിരുന്നു സിബിഐ കോടതി അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള സിബി മാത്യൂസിന്‍റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് 60 ദിവസത്തേക്ക് സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് ആരോപിച്ചിരുന്നു. 

ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇൻ്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബിമാത്യൂസിന്റെ വാദം. 

എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബിമാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബിമാത്യൂസിൻറെ ജാമ്യ ഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.

Related News