സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പെട്ട ടി.വി പരിപാടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ: സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകൾ അഭിനയിക്കാൻ പാടില്ല

  • 22/11/2021


കാബൂൾ: സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ ടെലിവിഷൻ ചാനലുകളോട് നിർദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകർ ഹിജാബ് ധരിച്ച് സ്ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിർദ്ദേശങ്ങൾ താലിബാൻ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

പുതിയ നിർദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകൾ അഭിനയിക്കാൻ പാടില്ല. നെഞ്ച് മുതൽ കാൽമുട്ടുവരെ വസ്ത്രം ധരിച്ച നിലയിൽ മാത്രമെ പുരുഷന്മാരെ ടെലിവിഷൻ ചാനലുകളിൽ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുക്കുന്നത്. അധികാരത്തിൽ വന്നതിനു പിന്നാലെ വനിതാക്ഷേമ വകുപ്പ് താലിബാൻ നിർത്തലാക്കിയിരുന്നു. വകുപ്പിന്റെ ആസ്ഥാന മന്ദിരം പുതുതായി രൂപവത്കരിച്ച സദാചാര വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുമേൽ കടുത്ത നിയന്ത്രണങ്ങളാണ് മുമ്പ് താലിബാൻ ഏർപ്പെടുത്തിയിട്ടുള്ളത്.

Related News