ജാപ്പനീസ് കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ ജേതാവുമായ എമി വാഡ അന്തരിച്ചു

  • 23/11/2021


ടോക്യോ: ജാപ്പനീസ് കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ ജേതാവുമായ എമി വാഡ (84) അന്തരിച്ചു. അകിറാ കുറസോവയുടെ റാൻ(Ran) എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നിർവഹിച്ചതിനാണ് ക്യോട്ടോ സ്വദേശിയായ എമി വാഡ ഓസ്കാറിലിടം നേടിയത്. ചിത്രത്തിലെ സാമുറായി വസ്ത്രങ്ങളാണ് എമിയെ പുരസ്കാരത്തിനർഹയാക്കിയത്.

ജപ്പാൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ഡയറക്ടറായിരുന്ന ബെൻ വാഡയാണ് ഭർത്താവ്. ക്യോട്ടോ സിറ്റി ആർട്സ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തായിരുന്നു വിവാഹം.

ഭർത്താവ് സംവിധാനം ചെയ്യുന്ന വേദികൾക്കു വേണ്ടി വസ്ത്രങ്ങൾ അലങ്കരിച്ചാണ് എമിയുടെ തുടക്കം. ഹിരോഷി ടെഷി​ഗാഹരയുടെ റിക്യു, ന​ഗിസാ ഒഷിമായുടെ ​ഗൊഹാട്ടോ, പീറ്റർ ​ഗ്രീനവേയുടെ ദി പില്ലോ ബാക്ക് മേബെൽ ചിയുങ്ങിന്റെ ദി സൂങ് സിസ്റ്റേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾക്ക് വേണ്ടിയും എമി വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നു.

1993ൽ എമ്മി പുരസ്കാരവും എമിയെ തേടിയെത്തി. ഈഡിപ്പസ് റെക്സ് എന്ന നാടകത്തിനുവേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചതിന്റെ പേരിലാണ് എമ്മി പുരസ്കാരം ലഭിച്ചത്.

വസ്ത്രാലങ്കാര നിർവഹണത്തിലുടനീളം ജാപ്പനീസ് സംസ്കാരം മുറുകെ പിടിക്കാൻ എമി ശ്രമിച്ചിരുന്നു. ക്യോട്ടോയിലെ പരമ്പരാ​ഗത ശിൽപികളെ പിന്തുണയ്ക്കാൻ ആവുംവിധം തന്റെ കോസ്റ്റ്യൂമുകളിലൂടെ ശ്രമിച്ചിട്ടുള്ളയാളുമാണ് എമി.

അറുപതു വർഷത്തോളം വസ്ത്രാലങ്കാര മേഖലയിൽ പ്രവർത്തിച്ചിട്ടും തനിക്കൊരിക്കലും മടുപ്പ് തോന്നിയിട്ടില്ലെന്ന് എമി പറഞ്ഞിരുന്നു. 2020ൽ ആൻ ഹുയിയുടെ ലവ് ആഫ്റ്റർ ലവ് എന്ന ചിത്രത്തിനു വേണ്ടിയും എമി ഡിസൈൻ ചെയ്തിരുന്നു. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Related News