കുഞ്ഞ് അനുപമയുടേത് തന്നെ: മൂന്നു പേരുടെയും ഫലം പോസിറ്റീവായി; റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും

  • 23/11/2021


തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. 

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. അതേസമയം സമരപ്പന്തലില്‍ അനുപമ മിഠായി വിതരണം ചെയ്തു. ഡിഎന്‍എ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നല്‍കിയിട്ടുണ്ട്.

ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിര്‍ണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിനു പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡിഎന്‍എ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി കൈമാറാവൂ എന്നതാണ് നിയമം. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിള്‍ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.

ദത്തു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഏജന്‍സിയായ സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സിഡബ്ല്യുസി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് റിപ്പോര്‍ട്ടിനൊപ്പം ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടര്‍ നടപടികള്‍. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.

ആന്ധ്രയില്‍നിന്നു ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാംപിളാണ് ആദ്യമെടുത്തത്. കുഞ്ഞിനെ ഏല്‍പിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലെത്തിയാണു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരുടെ സാന്നിധ്യത്തില്‍ രാജീവ്ഗാന്ധി സെന്റര്‍ ഉദ്യോഗസ്ഥര്‍ സാംപിളെടുത്തത്. സെന്ററില്‍ എത്താന്‍ അനുപമയോടും അജിത്തിനോടും തുടര്‍ന്നു ഫോണില്‍ അറിയിച്ചു. ഇവര്‍ ഉച്ചയ്ക്കു ശേഷം അവിടെ ചെന്നു സാംപിള്‍ നല്‍കി.

Related News