വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ

  • 28/11/2021


ജറുസലേം: വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇസ്രായേൽ 14 ദിവസത്തേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ച അർധരാത്രി മുതലാണ് വിലക്ക് നിലവിൽ വരിക.

നിലവിൽ ഒരാൾക്കാണ് രാജ്യത്ത് ഒമിക്രോൺ കൊറോണ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള 50 ആഫ്രിക്കൻ പൗരൻമാരെ ഇസ്രായേൽ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറോണ രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇസ്രേയലി ഇതര യാത്രികർക്ക് വിലക്കേർപ്പെടുത്തിയതിന് പുറമെ പൗരന്മാർക്ക് പുതിയ ക്വാറന്റൈൻ നയവും ഇസ്രേയൽ പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈനും അല്ലാത്തവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈനുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ യാത്രികർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം പെട്ടെന്നുള്ള യാത്ര വിലക്കുകൾ പ്രഖ്യാപിക്കുന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. കുറച്ചുകൂടി ശാസ്ത്രീയമായ സമീപനമാണ് ലോകരാഷ്ട്രങ്ങൾ സ്വീകരിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

Related News