കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം; സ്പുട്‌നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

  • 28/11/2021


മോസ്‌കോ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണ്. ഈ വകഭേദത്തെ നേരിടാനുള്ള വാക്‌സിൻ വികസിപ്പിക്കുമെന്ന് ആസ്ട്രസെനക അറിയിച്ചിരുന്നു. ഇപ്പോഴിതാ സ്പുട്‌നിക് വാക്‌സിൻ ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി ചെറുക്കുമെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് സിഇഒ കിരിൽ ദിമിത്രിവാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണയുടെ അപകടകാരികാളായ എല്ലാ വകഭേദത്തേയും സ്പുട്‌നിക് വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് ദിമിത്രിവ് പറഞ്ഞത്. ഔദ്യോഗിക കണക്കനുസരിച്ച് കൊറോണയ്‌ക്കെതിരെ സ്പുട്‌നിക് വാക്‌സിൻ 91.6 ശതമാനം ഫലപ്രദമാണ്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ 83 ശതമാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുരഷ്‌കോയും അറിയിച്ചിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രാപ്തി വ്യത്യസ്ഥമായിരിക്കുമെങ്കിലും വൈറസിനെതിരെ ഫലപ്രദമായിരിക്കുമെന്ന് ദിമിത്രിവ് പറഞ്ഞു. രണ്ട് ആഴ്‌ച്ചകൾക്കുള്ളിൽ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് അന്തിമ സ്ഥിരീകരണം വരും. ഇതുസംബന്ധിച്ച് പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യൻ രാജ്യമായ ഹോങ്കോങ്, ഇസ്രായേൽ യൂറോപ്യൻ രാജ്യമായ ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. അതീവ അപകടകാരിയാണ് വൈറസ് എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

Related News