ഒമിക്രോൺ പരിഭ്രാന്തിക്കുള്ള കാരണമല്ല, ലോക്ക്ഡൗണിന്റെ ആവശ്യവുമില്ല: ജോ ബെഡൻ

  • 30/11/2021


ന്യൂയോർക്ക്: കൊറോണ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡൻ. ആളുകൾ വാക്സിൻ എടുക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തിവരുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു.

ഇതിനിടെ യുഎസിന്റെ അയൽരാജ്യമായ കാനഡയിൽ രണ്ടു പേരിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ നൈജീരിയയിൽ നിന്നെത്തിയവരാണ് ഇവർ. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യുഎസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് വാക്സിനേഷനുള്ള സമയം അനുവദിക്കുക എന്നതാണ് യാത്രാ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബൈഡൻ പറഞ്ഞു.

നിലവിൽ ഒമിക്രോൺ വകഭേദം യുഎസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യത്ത് ഇതിനോടകം തന്നെ വൈറസ് ഉണ്ടാകാമെന്ന് യുഎസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നൽകി. ഒമിക്രോൺ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ യുഎസിലും യുകെയിലും 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ വർധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

ഒമിക്രോണുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമിക്രോൺ മുൻകാല വകഭേദങ്ങളേക്കാൾ ഗുരുതരമാണോ എന്നകാര്യത്തിലും വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ചും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഡബ്ല്യു.എച്ച്.ഒ.കൂട്ടിച്ചേർത്തു.

പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കി. യാത്രാനിയന്ത്രണവും കർക്കശപരിശോധനകളും ഉൾപ്പെടെയുള്ള ജാഗ്രതാ നടപടികൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.

ഒമിക്രോണിനെതിരേ എല്ലാവരും അതിജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. ഈ പ്രതിസന്ധിഘട്ടത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനാണ് മുൻഗണന. രാജ്യം 100 കോടിയിലധികം കൊറോണ വാക്സിൻ ഡോസുകൾ നൽകി. 150 കോടി വാക്സിൻ എന്ന നിലയിലേക്ക് അതിവേഗം നീങ്ങുകയാണെന്നും മോദി പറഞ്ഞു.

Related News