ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജൻ പരാഗ് അഗ്രവാള്‍

  • 30/11/2021


സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ അമേരിക്കൻ ടെക് കമ്പനിയായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാള്‍ ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോഴ്‌സി പദവി ഒഴിഞ്ഞതായി നടത്തിയ പ്രഖ്യാപനത്തിനൊപ്പമാണ് തന്റെ പകരക്കാരനായി പരാഗ് അഗ്രവാള്‍ ചുമതലയേല്‍ക്കുന്നതായി അറിയിച്ചത്. ഇതോടെ മെെക്രോസോഫ്റ്റ്, ഗൂഗിള്‍, ഐബിഎമ്മിനും ശേഷം സിലിക്കണ്‍ വാലിയില്‍ നിന്ന് മറ്റൊരു ഇന്ത്യന്‍ വംശജന്‍ ടെക് ലോകത്തെ നയിക്കാന്‍ ചുമതലയേല്‍ക്കുകയാണ്. 

ആരാണ് പരാഗ് അഗ്രവാള്‍:

കർണാടകയിലെ ആറ്റോമിക് എനര്‍ജി സെന്‍ട്രലിന് കീഴിലുള്ള സ്‌കൂളില്‍ നിന്നായിരുന്നു പരാഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഐഐടി മുംബൈയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ (ബാച്ചിലർ ഓഫ് സയന്‍സ്) ബിരുദം നേടി. തുടര്‍ന്ന് ഉപരിപഠനത്തിനായി യുഎസിലേക്ക്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ഡോക്ടറേറ്റും സ്വന്തമാക്കി. 

ഇന്ന് 37 കാരനായ പരാഗ്, ഒരു പതിറ്റാണ്ട് മുന്‍പ് 2010-ല്‍ സോഫ്‌റ്റ്വെയര്‍ എഞ്ചനീയറായി ആയിരുന്നു ട്വിറ്റർ കുടുംബത്തോടൊപ്പം ചേർന്നത്. ആ സമയം ട്വിറ്ററിനുണ്ടായിരുന്നത് ആയിരത്തില്‍ താഴെ ജീവനക്കാർ മാത്രം. അതിനുമുമ്പ്, മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നീ ടെക് കമ്പനികളോടൊപ്പം ചെറിയകാലയളവുകളില്‍ പ്രവർത്തിച്ചു. 

ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്. കൃത്യമ ബുദ്ധിയുടെ (AI) പുതിയ തലങ്ങിലേക്ക് ട്വിറ്റർ ഉയർന്ന ഈ കാലഘട്ടത്തിലാണ് സ്ഥാനമൊഴിഞ്ഞ ജാക്ക് ഡോർസിയുടെ വലംകെെയ്യായി പരാഗ് മാറിയത്. തുടർന്ന് 2017-ല്‍ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ (CTO) പരാഗ് നേതൃസ്ഥാനത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തി.

'കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ പുതിയ സിഇഒ എന്ന നിലയില്‍ അദ്ദേഹത്തിന്മേലുള്ള എന്റെ വിശ്വാസം ആഴത്തിലുള്ളതാണ്' സ്ഥാനമൊഴിയുന്നതായി അറിയിച്ച ട്വീറ്റില്‍ പരാഗിനെക്കുറിച്ച് ജാക്ക് ഡോർസി പരാമർശിച്ചത് ഇങ്ങനെയാണ്. ഒപ്പം ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠമായാണ് പരാഗിനെ തെരഞ്ഞെടുത്തതെന്നും കൂട്ടിച്ചേർത്ത അദ്ദേഹം തന്റെ വിശ്വസ്തന് കമ്പനിയുടെ പിന്തുണയും ഉറപ്പിച്ചു നല്‍കി.

അതേസമയം, കഴിഞ്ഞ കുറച്ചുവർഷങ്ങളായി ട്വിറ്ററിന്റെ നേതൃസ്ഥാനത്തുണ്ടെങ്കിലും സുന്ദര്‍ പിച്ചൈയോ സത്യ നാദെല്ലയോ പോലെ കമ്പനിക്കുള്ളില്‍ പോലും സുപരിചിതനായ ആളല്ല പരാഗ്. അദ്ദേഹം തന്നെ അത് ഈ ഘട്ടത്തില്‍ തുറന്നുപറഞ്ഞു കഴിഞ്ഞു. 

 'നിങ്ങളില്‍ ചിലര്‍ക്ക് എന്നെ നന്നായി അറിയാം, ചിലര്‍ക്ക് കുറച്ച് മാത്രവും മറ്റു ചിലര്‍ക്ക് തീരെ പരിചയവും ഇല്ലെന്നതാണ് സത്യം. അതുകൊണ്ട് പരസ്പരം പരിചയപ്പെട്ടുകൊണ്ട് തന്നെ തുടങ്ങാം. ഭാവിയിലേക്കുള്ള പുതിയ ചുവടുവെപ്പില്‍ നിങ്ങള്‍ക്ക് ധാരാളം ചോദ്യങ്ങളുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചര്‍ച്ച ചെയ്യാനും ഒരുപാട് കാര്യങ്ങളുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് അവസരം ലഭിച്ചേക്കും. അത് തുറന്ന സംഭാഷണങ്ങളുടെ തുടക്കമായിരിക്കും' - സ്ഥാനമേറ്റതിന് ശേഷം തിങ്കളാഴ്ച ട്വിറ്റര്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പരാഗ് പറഞ്ഞു. 

Related News